Saturday, September 5, 2015

യത്ര യോഗേശ്വരോ കൃഷ്ണ



"കര്‍മ്മണ്യേ വാധികാരസ്തേ 
മാ ഫലേഷു  കദാചന .."
ഇന്ന്‍ കൃഷ്ണജയന്തി 
ഗാന്ധിജിയ്ക്കും നാരായണഗുരുവിന്നുമൊപ്പം 
കൃഷ്ണനേയും  ഞാനെന്‍റെ ഗുരുവായി സ്വീകരിച്ചതാണ്.
'കൃഷ്ണനോ !! അന്ധവിശ്വാസി ..'എന്ന്‍ പലരും  നെറ്റി ചുളിക്കുമായിരിക്കും .. 
എന്നാലും കൃഷ്ണന്‍ എന്‍റെ ഗുരുവാണ്..
ഒരുപാട് കഥകള്‍ കൃഷ്ണനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട് .. 
അവയെല്ലാം ഞാന്‍ വിശ്വസിയ്ക്കുന്നു എന്നല്ല ഇതിനര്‍ഥം..
കഥകള്‍ ,  
ഓരോരുത്തര്‍ക്കും അവരവരുടെ ഭാവനയ്ക്കും യുക്തിയ്ക്കുമനുസരിച്ച് 
പറയാനും വിശ്വസിയ്ക്കാനും കഴിയുന്നവ മാത്രമാണ്.. 
എന്‍റെ കൃഷ്ണന്‍ 
മതത്തിന്റെയോ അമ്പലത്തിന്‍റെയോ ആചാരാനുഷ്ഠാനങ്ങളില്‍ ബന്ധിതനായ 
ഒരു ദുര്‍ബലനല്ല. 
സ്വയം ജ്യോതിസ്വരൂപമാണ്... 
ധര്‍മവും അര്‍ഥവും കര്‍മ്മവും യോഗവും പഠിപ്പിക്കുന്ന സദ്ഗുരുവാണ്..
 ഏതു രൂപത്തിലും സങ്കല്‍പ്പിക്കാവുന്നവനാണ്,
എന്നാലും,  
അതീവമോഹനമായ,  
പുല്ലാങ്കുഴല്‍വിളിച്ചും ഗോക്കളെമേച്ചും നടന്ന,
ഒപ്പം തന്നെ, 
അര്‍ജ്ജുനനു  ധര്‍മ്മവും കര്‍മ്മവുമുപദേശിച്ച
പ്രകൃതിസ്വരൂപനാണ് എന്‍റെ കൃഷ്ണന്‍ .. 
മതത്തിന്‍റെ പേരിലായാലും
സംഘടനകളുടെ പേരിലായാലും 
കാട്ടിക്കൂട്ടുന്ന 
വിലകുറഞ്ഞ ,ഗൌരവമില്ലാത്ത തമാശകളിലൊന്നും 
എനിയ്ക്ക് താത്പര്യമില്ല ....
എന്‍റെ കൃഷ്ണന്‍ യോഗേശ്വരനാണ്.. 
കര്‍മ്മമാണ് എന്‍റെ യോഗം .. 
തപസ്സിനെക്കാളും സന്ന്യാസത്തേക്കാളും ശ്രേഷ്ഠമായ
കര്‍മ്മയോഗം .. 

കൃഷ്ണന്‍ ജീവിച്ചിരുന്നിട്ടില്ല എന്ന്‍ നിങ്ങള്‍ പറഞ്ഞാല്‍ 
നിങ്ങളും ജീവിച്ചിരിക്കുന്നില്ല എന്നാണര്‍ഥം..
കാരണം എന്തു കാണുന്നുവോ അതുണ്ട്.  
കണ്ണുകള്‍ കൊണ്ടായാലും മനസ്സ് കൊണ്ടായാലും 
സ്വപ്നത്തിലായാലും ജാഗ്രതയിലായാലും 
കാണുന്നവയൊക്കെയും ഇവിടെയുണ്ട് 
കാണുന്നവ മാത്രമേ ഇവിടെയുള്ളൂ .. 
ഈ ലോകം ഉണ്ടെന്ന് ഇങ്ങള്‍ കരുതുന്നുവെങ്കില്‍ 
കൃഷ്ണനും ഉണ്ട് ... 

ലോകം ഒരു പകല്‍ക്കിനാവു മാത്രമാണ്.. 
അതുകൊണ്ടാണ് അറിവുള്ളവര്‍ സ്വപ്നം കാണാന്‍ പറയുന്നത്..
ഉറച്ച മനസ്സോടെ  കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുകതന്നെചെയ്യും.

ഈയിടെ കുറച്ചു കോളേജുകുട്ടികള്‍ അഭിമുഖത്തിന് വന്നു 
അവര്‍ക്ക് ഒരു പൊതുപ്രവര്‍ത്തകന്റെ അഭിമുഖം വേണമത്രേ.
കാര്യങ്ങള്‍ പറഞ്ഞു തീരാറായപ്പോള്‍
എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടായി
എന്ന്‍  പതിവു ചോദ്യം.
നേട്ടങ്ങള്‍ എന്നാല്‍ 
അവാര്‍ഡ്, പണം , പദവി ഇത്യാദികള്‍ ആണ്  വിവക്ഷ .. 
എന്തെങ്കിലും നേടാനായി പൊതുപ്രവര്‍ത്തനം നടത്തിയാല്‍ 
അത് കൂലി കിട്ടാനായി നടത്തുന്ന ഒരു ജോലി മാത്രമല്ലേ ..
വെറും കൂലിപ്പണി  ..
അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് 
സമൂഹത്തില്‍  ഒരു ചലനവും ഉണ്ടാക്കാനാവില്ല ..
പൂര്‍ണസമര്‍പ്പണത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മാത്രമേ 
മറ്റുള്ളവരെ സ്വാധീനിയ്ക്കാനാകൂ..
ആരും ആദരിക്കണമെന്ന ചിന്തപോലുമില്ലാതെ 
ഇത് ഞാന്‍ ചെയ്യേണ്ടത് , എന്‍റെ  കര്‍ത്തവ്യങ്ങള്‍ എന്നതിരിച്ചറിവോടെ
കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൃഷ്ണനാണേന്‍റെ ഗുരു .. 
പ്രകൃതിയുടെ
ഏറ്റവും ലളിതവും എന്നാല്‍ ഏറ്റവും മഹത്തരവുമായ നിയമമാണ്
'കര്‍മ്മണ്യേ വാധികാരസ്തേ...'
അതറിഞ്ഞാല്‍ 
അതനുസരിച്ച് ജീവിച്ചാല്‍ 
ജീവിതം 
ആനന്ദമയം 
സമാധാനപൂര്‍ണ്ണം 
സ്നേഹമയം 
സ്വര്‍ഗ്ഗം നിങ്ങളുടെ ജീവിതത്തെ തേടിവരും...  .  

 ആശാഹരിയുടെ വരികള്‍ 
    5 9 2015 
  

3 comments:

  1. യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. ആശംസകള്‍.

    ReplyDelete