Friday, July 30, 2010

ജീവൻ എന്ന പ്രതിഭാസം

നാലു മാസത്തിനുമുമ്പ് റെക്സ് ബിഗോണിയ എന്നൊരു ചെടി ഞാൻ വാങ്ങി എന്റെ മുറിയിൽ കൊണ്ടുവന്നുവച്ചു.റക്സ് ബിഗോണിയായ്ക്ക് പൂവുണ്ടാവുകയില്ല.കാണാൻ മനോഹരമായ ഇലകളുണ്ട്.പൂവുണ്ടാകുന്ന ബിഗോണിയകൾ മൂന്നുനാലുതരത്തിലുള്ളത് ഞാൻ കൊണ്ടുവന്നിരുന്നു.എന്നാൽ എന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയത് റെക്സ് ബിഗോണിയയണ്.അതിൽ ഒരു ഇല ഏറ്റവും ശ്രദ്ധേയമായിരുന്നത് തണ്ടിൽ വച്ചൊടിഞ്ഞ് താഴെ വീണുകിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.
ബിഗോണിയ വളർത്തേണ്ടത് എങ്ങിനെയെന്ന് ഞാൻ ‘വീട്ടുചെടികൾ‘ എന്ന ഒരു പുസ്തകത്തിൽ നോക്കിയപ്പോൾ ആ ഇലയുടെ ഞരമ്പുകളിൽ ഒരു ബ്ലേഡ്കൊണ്ട് അവിടവിടെ മുറിവുണ്ടാക്കി മണ്ണിൽ മലർത്തി വച്ച് ദിവസവും അല്പം വെള്ളമൊഴിച്ചാൽ ആ ഇലയിൽനിന്നു പുതിയ ചെടികൾ വരുമെന്ന് കണ്ടു.ഞാൻ അപ്രകാരം ചെയ്തു.മണ്ണിന്റെ നനവ് വിട്ട്പോകാതെ ഒരു കുഞ്ഞിനെ ശുശ്രൂഷിക്കുന്നതുപോലെ ആ ഇലയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും ഇലയുടെ അരുകുകൾ എല്ലാം ഉണങ്ങിപ്പോയി.വലിയ നിരാശ തോന്നി.എന്നിട്ടും ഇല തീരെ ഉണങ്ങിപ്പോകാത്തതുകൊണ്ട് ഞാൻ പ്രത്യാശയോടെ അതിനു വെള്ളം കൊടുത്തുകൊണ്ടിരുന്നു.അങ്ങിനെ രണ്ട് മാസം കഴിഞ്ഞ് മൂന്നാമത്തെ മാസമായപ്പോൾ ഇലയുടെ ഞരമ്പുകളെല്ലാം വന്നു സന്ധിക്കുന്നിടത്ത് കുറച്ച് പൂപ്പൽ പിടിച്ചതുപോലെ കണ്ടു.ദിവസവും ഞാൻ ആ ഭാഗത്ത് വെള്ളം ഇറ്റിച്ചുകൊണ്ടിരുന്നു.പൂപ്പൽ പോലെ കണ്ടത് പിന്നീടൊരു പുഴുക്കടി പോലെയായി.പിന്നെയും രണ്ടാഴ്ച കഴിഞ്ഞപ്പോൾ  അതിൽനിന്നും കുറ്റിരോമം പോലെ എന്തോ വളർന്ന് നാലുവഴിക്കേക്കും പിരിഞ്ഞു വരാൻ തുടങ്ങി.ഇപ്പോൾ നാലര മാസമായി.വ്യക്തമായി കാണാവുന്ന ഈരണ്ടില വീതമുള്ള രണ്ട് അങ്കുരങ്ങൾ വന്നിട്ടുണ്ട്.ഒരമ്മ കടിഞ്ഞൂൽ പെറ്റ കുഞ്ഞുങ്ങളെ കാണുന്ന കൌതുകത്തോടെയാണ് ഞാൻ അതിനെ ദിവസവും ലാളിക്കുന്നത്.

തു കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് കന്യകയിൽനിന്നും വന്ന യേശുവിന്റെ ദിവ്യജനനം ഓർമ്മ വന്നു.സുബ്രഹ്മണ്യൻ വന്നത് ശിവന്റെ കണ്ണിൽനിന്നാണല്ലോ.ഗണപതിയുണ്ടായത് പാർവ്വതിയുടെ വിയർപ്പിൽനിന്നും.ഇതെല്ലാം കെട്ടുകഥകളായിരിക്കാം.എന്നാൽ ജീവശാസ്ത്രത്തിൽ പറയുന്ന അനിഷേകിബീജാണു[Parthanospore]അസേജനജനനം[Parthanogenisis]അപരാഗണഫലൻ[Parthanocarpy]ഇതെല്ലാം ശ്രദ്ധേയമായി എനിക്ക് തോന്നി.ശിവനെന്നും പാർവതിയെന്നും കന്യാമറിയമെന്നും പറയുന്നത് റെക്സ് ബിഗോണിയയേക്കാൾ കുറച്ചുകൂടി സംരചിതകോശങ്ങളുള്ള ജീവരൂപങ്ങളാണെന്നേയുള്ളൂ.അതുകൊണ്ട് അടിസ്ഥാനപരമായ ജൈവനിയമങ്ങളിൽനിന്ന് അവരാരും വളരെയൊന്നും ദൂരത്തായിരിക്കുവാൻ ഇടയില്ല.

തായാലും എന്റെ പരീക്ഷണം വിജയിച്ചപ്പോൾ ജീവൻ ഒരു പ്രതിഭാസമല്ലെന്നും അതിനേക്കാൾ ശക്തിയും ശക്തവും ആയ ഒന്നുമില്ലെന്നും ഞാ‍ൻ തീരുമാനിച്ചു.അതുകൊണ്ടാണ് കപിലൻ പ്രകൃതിയെ പ്രധാനമെന്നു വിളിച്ചത്.ആകെ ചെടിയുടെ സമ്പൂർണ്ണ രൂപത്തെ ഗോപനം ചെയ്തുവച്ചിരിക്കുന്ന കോശങ്ങളുടെ അത്ഭുതസഞ്ചയം ആലോചിക്കുന്തോറും ദൈവം എന്ന മനുഷ്യകൽ‌പ്പന വളരെ കാവ്യഭംഗിയുള്ള ഒരു ജീവബീജം തന്നെയായിരിക്കണം എന്നുള്ള സങ്കല്പം എന്നിലുണ്ടായി.ആ വ്യാഖ്യാനം കൊണ്ട് ദൈവം എന്റെ മനസ്സിൽ ചെറുതാവുകയല്ല ചെയ്തത്; ഇതുവരെ ഞാൻ മനസ്സിലാക്കിയതിലും അത്ഭുതകരമായി തോന്നി..

ങ്ങനെയിരിക്കുമ്പോഴാണ്   അമേരിക്കൻ സയൻസ് മാസികയിൽ ആദ്യത്തെ ജീവന് ആമുഖം കുറിക്കുന്ന പ്രാഗ്ജൈവകോശങ്ങൾ അല്പം പോലും അമ്ലജനകമില്ലാത്ത ഒരവസ്ഥയിൽ നിർജ്ജീവമെന്നു വിളിക്കേണ്ടതായ ലോഹരൂപങ്ങളിൽനിന്നു വന്നു  എന്നു വായിച്ചത്.പിന്നീട് അതുതന്നെ ഒരു സോവിയറ്റ് ശാസ്ത്രഗ്രന്ഥത്തിൽ കുറേക്കൂടി അത്ഭുതകരമായ വിവരണങ്ങളോടെ വായിച്ചു.ഒട്ടും ജലമില്ലാത്തയിടത്ത് അത്യധികമായ ഉഷ്ണസ്ഥിതിയിലും ശീതസ്ഥിതിയിലും ജീവന്റെ ഒന്നാമത്തെ ചുനിപ്പ് ഉണ്ടായതായി സോവിയറ്റ് ശാസ്ത്രജ്ഞർ ഇപ്പോൾ അവകാ‍ശപ്പെടുന്നു.ഇതുകൊണ്ട് എനിക്ക് പറയാൻ തോന്നുന്നത് പ്രകൃതിയിൽക്കാണുന്ന ആയോജന-സംശ്ലേഷണ-രചനാ പ്രക്രിയ സത്യവും അതിനു കാവ്യഭംഗി നൽകുന്ന മനസ്സിലെ പ്രതീകാത്മകമായ പ്രതിഭാസം ദൈവവും ആണെന്നാണ്.
ഗുരു നിത്യചൈതന്യയതി
ആൻഖ് [1988 ഫെബ്രുവരി ]