Friday, August 8, 2014

ഒരില കൊഴിയും പോലെ......

മരണമെന്നത്
ജീവിതത്തിന്‍റെ 
തുടക്കമാണോ അവസാനമാണോ?... 
ഇവയ്ക്ക് രണ്ടിനുമിടയില്‍ 
ജീവിതമെന്ന മഹാപ്രയാണത്തിലെ 
അല്‍പ്പവിരാമംപോലുമല്ലാത്ത ഒരവസ്ഥ മാത്രമല്ലേയത് .... 

എല്ലാവര്‍ക്കും ഭയമാണ്,
ഭയന്നാലോ വെറുത്താലോ
ഓര്‍ക്കാന്‍കൂടി ഇഷ്ടപ്പെടാതിരുന്നാലോ 
മന:പൂര്‍വ്വം കണ്ണടച്ചാലോ 
ഒന്നുമൊഴിവാക്കാനാകാത്ത 
ഈ അനിവാര്യതയെ .. 

ഇന്ന്‍ 
മിക്ക മരണങ്ങളും
അവയുടെ രൂപംകാട്ടി 
നമ്മെ അസ്വസ്ഥമാക്കുന്നവയാണ്...
രോഗാവസ്ഥയില്‍ കിടന്നു നരകിച്ചു 
തൊലി പൊട്ടി വികൃതമായോ ,
അപകടങ്ങളില്‍ ചോരവാര്‍ന്നും ശകലിതശരീരികളായുമോ,
മൂക്കിലും വായിലും മറ്റും നിരവധി കുഴലുകളിട്ടുകിടന്ന്
ഒന്നു മരിച്ചാല്‍മതിയെന്ന് 
അവനവനും മക്കള്‍ക്കുപോലും തോന്നുംവിധമോ,...  
അല്ലെങ്കില്‍ പൂര്‍ണ്ണായുസ്സാകുംമുമ്പേ 
യൌവ്വനത്തിലോ ബാല്യത്തിലോ
അതുമല്ലെങ്കില്‍ 
ശൈശവത്തിന്‍റെ പാല്‍മണം മാറുംമുമ്പെയോ ഒക്കെ കടന്നുവന്ന്‍ 
മരണം 
തീരാനഷ്ടമായും 
തീവ്രദുഖമായും അനാഥത്വമായും 
ഒറ്റപ്പെടലിന്‍റെ ദീനതയായും
മാനസിക സന്തുലനം പോലും തകര്‍ക്കുന്ന 
ആഘാതമായുമൊക്കെ
പതിവുകാഴ്ചകളാകുമ്പോള്‍ ,  
ഏവരും വല്ലാത്തോരകല്‍ച്ചയോടെ 
ഭീതിയോടെ 
മരണത്തെ കാണുന്നു .... 

മരണമെന്നാല്‍ 
അതിന്‍റെ സ്വാഭാവികതയില്‍ 
എങ്ങനെയായിരിയ്ക്കുമെന്നറിഞ്ഞാല്‍ ,  
ഒരില കൊഴിയുമ്പോലെ 
അത്രമേല്‍ ശാന്തമായി 
ഏകദേശം ആയുസ്സെത്തി,
രോഗപീഡകളേതുമില്ലാതെ
അതു സംഭവിയ്ക്കുമ്പോള്‍,
'ഓ ഇത്രക്കെയുള്ളൂ ഇതെന്ന്‍' 
മരണത്തെ ഉള്‍ക്കൊള്ളാനാകും .

ഒരു പ്രായം കഴിഞ്ഞാല്‍ ,
ശരീരത്തില്‍നിന്നും 
അമിതമായ കൊഴുപ്പുകളും 
അനാവശ്യമായ ചിന്തകളും മോഹങ്ങളും 
സ്വാര്‍ഥതകളും ഒഴിവാക്കി, 
ഏത് സമയത്തും വന്നെത്തിയേക്കാവുന്ന മരണത്തെ
സ്വാഗതം ചെയ്യാന്‍ തയ്യാറാവണം .. 
കൊഴുപ്പുകൂടിയ ദേഹത്തില്‍നിന്നും പുറത്തുകടക്കാന്‍ 
ദേഹിയ്ക്ക് ഏറെ ശ്രമിയ്ക്കേണ്ടിവരും ..
ഉര്‍ദ്ധ്വവായുവായി 
മരണവെപ്രാളങ്ങളായി
കാണുന്നവരിലത് ഭീകരമായ മരണമായി മാറും. 

പണ്ടുള്ളവര്‍
ജീവിതത്തിന്‍റെ അവസാനകാലം 
വനവാസം സ്വീകരിച്ച്,
മരണത്തെ ശാന്തമായി ഉള്‍ക്കൊണ്ടിരുന്നത് 
അവര്‍ക്ക് ശാസ്ത്രമറിയാവുന്നതിനാലാണ്.... 
ഇന്നുള്ളവര്‍ക്ക്,  
എണ്‍പതു കഴിഞ്ഞാലും മോഹങ്ങള്‍ തീരാതെ,  
പിന്നേയും പിന്നേയും 
വാരിക്കൂട്ടി സമ്പാദിയ്ക്കാനും
തിന്നുമദിയ്ക്കാനും 
ആര്‍ത്തുല്ലസിയ്ക്കാനും
പിന്നെ 
പകയും വിദ്വേഷങ്ങളും അടങ്ങാതെ 
ക്രൂരതകളൊടുങ്ങാതെ 
ഒരിയ്ക്കലും മരിക്കരുതെന്നാശിച്ച്, 
വേണ്ടാത്തതെല്ലാം ചെയ്തുകൂട്ടി
ഒടുവില്‍ അതിന്‍റെ എല്ലാ ദുരിതങ്ങളോടുംകൂടി 
മരണത്തെ ഏറ്റുവാങ്ങേണ്ടിവരുന്നു ..

അപൂര്‍വ്വം ചിലര്‍ 
ഇന്നും
മരണത്തെ അതിന്‍റെ സ്വാഭാവികതയില്‍
സുഖമരണമായി ഏറ്റുവാങ്ങാന്‍ 
പുണ്യം ചെയ്തവരായി കാണപ്പെടാറുണ്ട് ... 
അങ്ങനെയൊരു മരണമായിരുന്നു 
എന്‍റെ ഭര്‍ത്തൃമാതാവിന്‍റേത്....  
പതിവുപോലെ ദിനചര്യകള്‍ ചെയ്ത്, 
പ്രായത്തിന്‍റെതായ   അവശതകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍,
മരിയ്ക്കാറായി എന്നതിന്‍റെ യാതൊരു സൂചകങ്ങളും പ്രദര്‍ശിയ്പ്പിയ്ക്കാതെ,  
രാത്രി 
പതിവ് പോലെ ഭക്ഷണം കഴിച്ച് 
പതിവുപോലെ ആഭരണങ്ങള്‍ ഊരിവച്ച്
ഉറങ്ങാന്‍ കിടന്ന്‍,  
നേരിയ അപശബ്ദം പോലും ഉണ്ടാക്കാതെ 
തൊട്ടരിക്കിടന്നയാള്‍ പോലുമറിയാതെ
യാത്രയായി ...

രാവിലെ
പതിവുപോലെ 
അമ്മയെ  കാണാന്‍ ചെന്ന മകന്‍ 
വിളിച്ചപ്പോളാണ്
മരണം നടന്നതായറിഞ്ഞത്...   
പുതച്ചുകിടന്ന പുതപ്പുപോലും അതേപടിയായിരുന്നു... 

സൌമ്യമായ ഒരു പുഞ്ചിരിയോടെ 
തേജസ്സാര്‍ന്ന മുഖവുമായി  
കിടന്ന അമ്മയെ,  
കാണാന്‍ വന്നവരൊക്കെ സാകൂതം നോക്കിക്കൊണ്ടിരുന്നത് 
തൊട്ടരികിലിരുന്ന് ഞാന്‍ നോക്കിയിരുന്നു .. 

പൊതുവേ മരിച്ച വീടുകളില്‍ പോകാന്‍, 
അവിടത്തെ മരണഗന്ധങ്ങള്‍ സഹിയ്ക്കാന്‍  
ഇഷ്ടമല്ലെങ്കിലും,
പോകേണ്ടിവരുമ്പോള്‍
മരണമുറിയിലേയ്ക്ക്
ഒന്നെത്തിനോക്കുക മാത്രം ചെയ്ത് ,
മരിച്ചയാള്‍ക്കായി 
രണ്ടിറ്റുകണ്ണീര്‍ പൊഴിച്ച്
ബന്ധുക്കള്‍ക്കിടയില്‍ ചെന്നിരിക്കലാണ്പതിവ് ..
ഒരു പകല്‍മുഴുവനും  
പിന്നെയുമേറെ നേരവും, 
മരണമുറിയില്‍ കഴിഞ്ഞിട്ടും 
അസ്വാഭാവികതയോ ഭീതിയോ ഒന്നും തോന്നിയില്ല ... 
ഫ്രീസറിന് മീതെ ജലകണങ്ങള്‍ വന്നുമൂടി 
അമ്മയെ മറയ്ക്കുന്നത് 
ഒപ്പിമാറ്റിക്കൊണ്ടിരുന്നപ്പോഴും 
മരണഗന്ധമവിടെ തങ്ങിനില്‍പ്പില്ലായിരുന്നു..
പൊതുവേ തീരെ ഇഷ്ടമല്ലാത്ത പുകയുമായി   
പുകഞ്ഞുകൊണ്ടിരുന്ന ചന്ദനത്തിരികളും ,
എന്നെ അലോസരപ്പെടുത്തിയില്ല .. 
ഒടുവില്‍ 
ബന്ധുക്കള്‍ 
മുല്ലപ്പൂമാലകളണിയിച്ചപ്പോള്‍
അമ്മ പോവുകയാണല്ലോ എന്ന ബോധം വന്നപ്പോള്‍ 
അല്‍പ്പം വിതുമ്പിപ്പോയി ... 
എന്നിട്ടും പിന്നേയും 
മരണവീടിന്‍റെ അസ്വാഭാവികമായ , 
അദൃശ്യമായ  തിരയിളക്കങ്ങള്‍ 
അനുഭവപ്പെട്ടതേയില്ല ....   
അത്രമേല്‍ സ്വാഭാവികമായി 
മരണം നടന്നതുകൊണ്ടായിരിയ്ക്കാം .... 

ആത്മഗതങ്ങള്‍ 2 
ആശാഹരി
8. 8 .2014 

4 comments:

  1. ഏത് സമയത്തും വന്നെത്തിയേക്കാവുന്ന മരണത്തെ
    സ്വാഗതം ചെയ്യാന്‍ തയ്യാറാവണം ..

    അതെ!

    ReplyDelete