അല്പം വെയിലുള്ളയീ മിഥുനമാസദിനത്തില്‍ കമ്പ്യൂട്ടറില്‍ ഇങ്ങനെ മഷിയില്ലാതെ കുത്തിക്കുറിയ്ക്കുമ്പോള്‍ ,ജനാലയ്ക്ക് തൊട്ടപ്പുറം ചേരിക്കൊട്ടമരത്തിലെ മഞ്ഞപ്പൂക്കളില്‍ നാലഞ്ച് മഞ്ഞത്തേങ്കിളികള്‍ മധുരം നുണയുകയാണ്.. നേര്‍ത്ത സ്വരത്തില്‍ ചിലച്ചുകൊണ്ടവ അന്നം തേടുമ്പോള്‍ നിറയുന്നതെന്‍റെ മനസ്സുകൂടിയാണ്.. പൂക്കള്‍ കായ്ക്കളായിത്തുടങ്ങി..അല്‍പ്പ നാള്‍കൂടി കഴിഞ്ഞാല്‍ കുട്ടുറുവനും കുയിലുകള്‍ക്കും മഞ്ഞക്കിളികള്‍ക്കും ഇരട്ടത്തലച്ചിയ്ക്കും മഞ്ഞച്ചിന്നനും,പിന്നെ വിരുന്നെത്തുന്ന കുറിക്കണ്ണന്‍ കാട്ടുപുള്ളിനുമൊക്കെ ഇഷ്ടഭോജ്യമായി മാറുമത്..
കിളികള്‍ക്ക് വേണ്ടിമാത്രമാണ് ഞങ്ങളാ മരത്തെ അവിടെ നിലനിര്‍ത്തിയിരിയ്ക്കുന്നത് ..പൊതുവേ കുറ്റിച്ചെടിയായി കാണപ്പെടുന്ന ചേരിക്കോട്ട , മരമായി വളര്‍ന്ന് ,വര്‍ഷത്തിന്‍റെ പാതിക്കാലവും കിളികളേയും പൂമ്പാറ്റകളേയും,പിന്നെ ഇല തിന്നാന്‍ വരുന്ന പ്രാണികളേയും ഒക്കെ ഭക്ഷണമൂട്ടിക്കൊണ്ട് ,പല ജീവികള്‍ക്കും വെയിലിലും മഴയിലും അഭയം നല്‍കിക്കൊണ്ട് , ചിലര്‍ക്ക് ശത്രുക്കളില്‍നിന്നും ഒളിച്ചിരിയ്കാന്‍ ഇടം നല്‍കിക്കൊണ്ട് , ഒരു തുറന്ന പുസ്തകമായി എനിയ്ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ , ഓരോദിനവും അവളെ വായിക്കുമ്പോള്‍ ,ഞാന്‍ കേവലമൊരു വിദ്യാര്‍ഥിനിയാണ്, ഗവേഷകയാണ്, അധ്യാപികയുമാണ്... അവള്‍ക്കുമുമ്പില്‍ ഞാന്‍ എത്രയോ ചെറുതാണെന്ന് ഞാനറിയുന്നു ..
എന്‍റെയീ പഠനം ഓരോ മണ്‍തരിയില്‍നിന്നും ഓരോ കിളിമൊഴിയില്‍നിന്നും ഓരോ ജലകണത്തില്‍നിന്നും, ജീവനുള്ളതും ഇല്ലാത്തതുമായ പ്രകൃതിയുടെ ഓരോ സ്പന്ദനങ്ങളില്‍നിന്നും ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത് മറ്റൊന്നിനുംവേണ്ടിയല്ല .. ചിലരൊക്കെ വിചാരിച്ചിരിയ്ക്കുന്നത് ഒരു എഴുത്തുകാരിയായി പേരെടുക്കാനാണെന്നാണ്..ചിലര്‍ വിചാരിയ്ക്കും ഒരു വലിയ പരിസ്ഥിതിപ്രവര്‍ത്തക എന്ന്‍ അറിയപ്പെടാന്‍വേണ്ടിയാണെന്ന് .. എന്‍റെ പഠനം പ്രകൃതി എന്താണെന്നറിയാനാണ്, അതുവഴി ഞാനാരെന്ന് കണ്ടെത്താനാണ് ..പ്രകൃതിയെ അറിയുമ്പോഴേ ഒരാള്‍ക്ക് സ്വയമറിയാന്‍ സാധിയ്ക്കുകയുള്ളൂ .....
എടുക്കലിന്‍റെയും വാങ്ങലിന്‍റേയും നേട്ടങ്ങളുടെയും പാഠങ്ങള്‍ മാത്രം അറിയുന്ന , പ്രകൃതിവിരുദ്ധതമാത്രം ജീവിതപാഠമാക്കിയവരുടെ (കുറ്റം പറയുകയല്ല ആരെയും , അതവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്‍റെ പരിമിതി മാത്രമാണ് ) ഒരു ലോകത്തില്‍ , എടുക്കുന്നതിനൊപ്പം കൊടുക്കുകകൂടി ചെയ്താലേ അത് പ്രകൃതിയുടെ വഴിയാകൂ എന്ന ആദ്യപാഠം പറഞ്ഞുതന്നത് പ്രിയപ്പെട്ട ജോണ്‍സിയങ്കിളാണ്..എല്ലാം ഒന്നാണെന്ന് എന്നും ഉരുവിടാറുള്ള ജോന്‍സിയങ്കിള്‍.. ഒപ്പം മണ്ണ് എന്ന അത്ഭുതത്തെപ്പറ്റി ശരിയായ അറിവ് നല്കിയ ശിവപ്രസാദ് മാസ്റ്ററും .. അവര്‍ പറഞ്ഞുതന്നതില്‍നിന്നും തുടങ്ങി ഞാന്‍ പഠിച്ചു കൊണ്ടേയിരിയ്ക്കുകയാണ്..
പഠനമെന്ന് പറയുമ്പോള്‍ തന്നെ,സ്കൂളിംഗിന്‍റെ സന്തതികള്‍ മാത്രമായ 99 % പേരും , അല്പ്പം അസൂയയോടെ കരുതും, ഇവള്‍ പഠിച്ചു ബിരുദങ്ങള്‍ നേടാനായിരിയ്ക്കും ഭാവമെന്ന് .. അല്ലെങ്കില്‍ എവിടെയെങ്കിലും പേപ്പറുകള്‍ സബ്മിറ്റ് ചെയ്യാനായിരിക്കുമെന്ന് ..അതിനൊന്നുമല്ലാതെ ,വെറുതെ അറിയാന്‍ വേണ്ടിമാത്രം പഠിച്ചുകൂടെ...അങ്ങനെ ഒരു പഠനം മാത്രമാണ് എന്‍റേത്.. മാല്‍സര്യങ്ങളുടെ ലോകത്തോട് പൂര്‍ണ്ണമായും വിടപറഞ്ഞണെന്റെ മനസ്സ് .. ഇവിടെ കാണുന്നതൊന്നുംതന്നെ ആരുടേയും സ്വന്തമല്ലെന്നിരിയ്ക്കേ ഇവയൊക്കെയും പ്രകൃതിയുടെ ഓരോ ഭാവങ്ങള്‍ മാത്രമാണെന്നിരിയ്ക്കേ ,ഞാനും , കേവലം കുറച്ചുനാള്‍ ഇവയുടെ കാവല്‍ക്കാരിയായിരുന്ന്, പ്രകൃതി നല്‍കുന്നതെല്ലാം ഭുജിച്ചുകൊണ്ട് ജീവിച്ചശേഷം, ആ മഹാസത്തയില്‍ വിലയം പ്രാപിയ്ക്കേണ്ട ഒരു ജീവല്‍സ്പന്ദനം മാത്രമാണെന്നിരിയ്ക്കേ ,ആരോടാണ് എന്തിനോടാണ് ഞാന്‍ പട പൊരുതേണ്ടത്,എന്നില്‍ അവശേഷിച്ചിരിയ്ക്കുന്ന അജ്ഞതകളോടുമാത്രമല്ലാതെ...
ജോലിയില്‍നിന്നും സ്വയംവിരമിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞിരിയ്ക്കുകയാണിപ്പോള്‍ ... പലരും വിചാരിച്ചിരിയ്ക്കുന്നത് ഭയങ്കരമായ പരിസ്ഥിതിപ്രവര്‍ത്തനം നടത്താനാണ് ഇവള്‍ ജോലി ഒഴിവാക്കിയിരിയ്ക്കുന്നത് എന്നാണ്.... ഒന്നുരണ്ട് കൂട്ടുകാര്‍ പത്രങ്ങളിലും മറ്റും അങ്ങനെ വിശേഷിപ്പിച്ചതും കണ്ടു ... .. പരിസ്ഥിതിപ്രവര്‍ത്തനമെന്നത് എനിയ്ക്ക് ജീവിതംതന്നെയായിരിയ്ക്കുമ്പോള്‍ , ജോലിയിലിരുന്നായാലും അല്ലാതെയും അതങ്ങനെ തുടരും .. പ്രകൃതിയോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിയ്ക്കുക , അറിഞ്ഞുകൊണ്ടിരിയ്ക്കുക .... അതുമാത്രമാണ് സര്‍ക്കാര്‍വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന എന്നെ , ആ ജോലി ഉപേക്ഷ്യ്ക്കാന്‍ പ്രേരിപ്പിച്ച കാര്യം .. ഒരുതരം മുരടിച്ച ജീവിതം എത്രകാലം തുടരാനാകും , അത്രയേറെ അറിവിലൂടെ വികസിയ്കാനാന്‍ ഉല്‍സുകയായ ഒരു പഠിതാവിന്.. മണ്ണിനോട് ചേര്‍ന്നുനിന്നുകൊണ്ട്, മണ്ണിന്റെ മണവും കാറ്റിന്‍റെയും കാടിന്‍റേയും തണുപ്പും , ജീവല്‍സ്പന്ദനങ്ങളുടെ ചടുലവും മൃദുവുമായ , രൌര്‍ദ്രവും സൌമ്യവുമായ , ഭാവരാഗതാളലയങ്ങള്‍ സപ്തേന്ദ്രിയങ്ങള്‍ കൊണ്ടുമനുഭവിച്ചറിഞ്ഞുകൊണ്ട് , സ്നേഹം കൊണ്ടും കൊടുത്തും , ഓരോ മനുഷ്യന്‍റേയും ജീവിതത്തിന്‍റെ ആത്യന്തികമായ അവസ്ഥയായ പൂര്‍ണ്ണതയിലേയ്ക്ക് നടന്നുകയറുക.. അതുമാത്രമാണ് എന്‍റെ ജീവിതലക്ഷ്യം ..
അല്ലാതെ ഈ ലോകത്തെ മാറ്റിമറിയ്ക്കാനൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഇവിടെ ഞാനൊരു എളിയ സഞ്ചാരിമാത്രം ..എന്നാല്‍ പ്രകൃതിയില്‍ ഒരു പ്രവര്‍ത്തനവും , ഒരു ചെറിയ സ്പന്ദനംപോലും വൃഥാവിലാവില്ല എന്ന ഒരലിഘിതവും അപ്രമാദവുമായ നിയമമുണ്ടെന്നിരിയ്ക്കേ ,എന്‍റെയീ കുഞ്ഞുസ്പന്ദനങ്ങളും എവിടെയൊക്കെയോ തട്ടി, എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നതും തീര്‍ച്ചയാണ്.. ഒരു ശലഭത്തിന്റെ നനുത്ത ചിറകടികള്‍ വളരെ ദൂരങ്ങളിലെവിടേയോ ചിലപ്പോള്‍ ഒരു കൊടുങ്കാറ്റായി രൂപം പ്രാപിയ്ക്കുമെന്ന് ഒരു നിയമമുണ്ടല്ലോ ..അങ്ങനെ എവിടെയെങ്കിലുമൊക്കെ, നന്മയിലേയ്ക്കുള്ള ,പ്രകൃതിയുടെ വഴിയിലേയ്ക്കുള്ള ചില്ലയിളക്കങ്ങളായി,ചെറുകാറ്റുകളായി,വന്‍കാറ്റുകളായുമൊക്കെ എന്‍റെ ജീവിതത്തിലെ കുഞ്ഞലയൊലികള്‍ മാറുമെങ്കില്‍ ,പ്രകൃതി എന്നിയ്ക്കായി സമ്മാനിച്ച അമൂല്യമായ ഈ ജീവിതം സാര്‍ഥകമായി എന്നു പറയാം ..
ആശാഹരി
25 6 2014
സന്തോഷം തരുന്ന വായന
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു ! സ്വതവേ നിരർത്ഥകമായ ഈ ജീവിതം കർമ്മം കൊണ്ട് സാർത്ഥകമാക്കാൻ സാധിക്കട്ടെ :)
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു!
ReplyDelete