Monday, May 31, 2010

ശംഖൊലി 2

ദിയിൽ പ്രപഞ്ചം ഉണ്ടായി.അത് ഊർജ്ജമായിരുന്നു.ഞാൻ അവിടെയുണ്ടായിരുന്നു.ഞാൻ ഊർജ്ജമായിരുന്നു.

പിന്നീട് ഊർജ്ജം ദ്രവ്യമായി മാറി,ഞാനും…

ദ്രവ്യത്തിൽനിന്ന് ആദ്യത്തെ അണുജീവികൾ ഉണ്ടായി.ജലവും വായുവും മണ്ണുമായിരുന്ന ദ്രവ്യംകൊണ്ടാണ് അവ ഉണ്ടായത്.അവയുടെ ഉള്ളിലെ ദ്രവ്യം നിരന്തരം പുറത്തേക്ക് പോവുകയും പുറത്തുള്ള ദ്രവ്യം ഉള്ളിലേയ്ക്ക് കയറുകയും ചെയ്തു.നിരന്തരമായ ചിട്ടയോടുകൂടിയ ഈ കൈമാറ്റപ്രക്രിയയെ ജീവൻ എന്നു വിളിച്ചു.ഞാൻ ആ ദ്രവ്യമായിരുന്നു.ഞാൻ ആ അണുജീവിയായിരുന്നു.

കോടാനുകോടി നിമിഷങ്ങളിലൂടെ മാസങ്ങളിലൂടെ സംവത്സരങ്ങളിലൂടെ ജീവൻ പരിണമിച്ചു.അണുജീവികൾ ഏകകോശജീവികളായും പിന്നീട് ബഹുകോശജീവികളുമായി മാറി.പുഴുക്കളും ഞണ്ടുകളും കൂന്തലുകളും സമുദ്രതാരങ്ങളുമുണ്ടായി.മത്സ്യങ്ങൾ ഉണ്ടായി.അവയിൽ ചിലത് കരയിലേക്ക് കയറിവന്ന് ഉഭയജീവികൾക്കും ഉരഗങ്ങൾക്കും ജന്മം നൽകി.ഉരഗങ്ങളിൽനിന്ന് കാലത്തികവിൽ സസ്തനികൾ ഉണ്ടായി.അവയാണ് വാനരന്മാരുടെ ഉറവിടം.വാനരന്മാർ മനുഷ്യവർഗ്ഗത്തെ ഉത്പാദിപ്പിച്ചു.ഒടുവിൽ ഇതാ,ഈ രൂപത്തിൽ,ഈ നാമത്തിൽ ഞാൻ ഉണ്ടായിരിക്കുന്നു.

ന്റെ ശരീരം ദ്രവ്യനിർമ്മിതമാണ്.വായുവും ജലവും മണ്ണുമാണിത്.ഈ കണികകൾക്ക് ഓർമ്മശക്തിയുണ്ടായിരുന്നെങ്കിൽ ഇവയോരോന്നും അവയുടെ പൂർവ്വരൂപങ്ങളെപ്പറ്റി പൂർവ്വനാമങ്ങളെപ്പറ്റി എന്തെല്ലാം പറയുമായിരുന്നില്ല…

ജീവൻ ഒന്നാണ്.എല്ലാ ജീവജാലങ്ങളുടെയും ജീവൻ ഒന്നായിച്ചേർന്ന് കെട്ടുപിണഞ്ഞ് കിടക്കുന്നു.ജീവിതം എന്നത് തുടർച്ചയായ ഒരു ഒഴുക്കാണ്.എല്ലാം എല്ലാം ഒഴുകുന്നു.നദിയിലെ ജലം പോലെ രൂപങ്ങൾ മാറുന്നു,എങ്കിലും എല്ലാം എല്ലാം ഒന്നാണ്.നമുക്കഹങ്കരിക്കാൻ ഒന്നുമില്ല.അഭിമാനിക്കാൻ ഏറെയുണ്ടുതാനും…

ജോൺസി [ആങ്ഖ് 1988ഫെബ്രുവരി]

8 comments:

 1. എല്ലാം ഒന്നാണ്.ഒരേ ജീവന്റെ തുടർച്ചകളാണ്.നാം നമ്മുടെ ആഴവും പരപ്പുമൊന്നുമില്ലാത്ത പൊട്ടക്കണ്ണുകൾകൊണ്ട് നോക്കുന്നതുകൊണ്ട് മാത്രമാണ് ഒക്കെ വേറെ വേറെയായി കാണുന്നത്.ഒരു ചെടിയെ അല്ലെങ്കിൽ ഒരാനയെ ഒരാൾ നോക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അയാളുടെ ജീവൻ ആ ജീവിയിലേയ്ക്കും ആ ജീവിയുടെ ജീവൻ അയാളിലേയ്ക്കും പ്രവഹിക്കലാണ്.ഇതു സംഭവിക്കുന്നില്ലെങ്കിൽ ഒരാൾക്ക് ഒന്നും കാണാൻ കഴിയില്ല.ഈ അടിസ്ഥാന സത്യം മറന്ന് താൻ മാത്രമാണ് ഈ ഭൂമിയുടെ അവകാശി എന്ന അഹങ്കാരത്തോടെ മനുഷ്യനിന്ന് മുന്നേറുകയാണെന്ന തെറ്റിദ്ധാരണയോടെ ,നാശത്തിന്റേതായ പടുകുഴിയിലേയ്ക്ക് കുതിച്ചോടിക്കൊണ്ടിരിക്കുമ്പോൾ,ഒരു നിമിഷം ഒന്നു നിന്ന് ജോൺസിയെ ഒന്ന് ശ്രദ്ധിച്ചെങ്കിൽ....

  ReplyDelete
 2. ദൈവസൃഷ്ടിവാദക്കാര്‍ വെറുതെ ഇരിക്കുമോ ആവോ?
  :)

  ReplyDelete
 3. ജോണ്‍സി സാറിന്റെ പടം ടൈറ്റിലില്‍ വച്ചത് ഉചിതമായി.

  ReplyDelete
 4. പരിസ്ഥിതി ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കുന്നു എന്ന് സിയാറ്റില്‍ ഗോത്രത്തലവന്‍
  പറഞ്ഞപ്പോള്‍ അത് അവഗണിക്കയും അധിനിവേശത്തിന്റെ നീരാളഹസ്തങ്ങള്‍
  കുറേക്കൂടി നീട്ടുകയുമാണ് അമേരിക്ക ചെയ്തത്.എന്നാല്‍ ഇന്ന് തിരിച്ചറിവ്
  നേടാനുള്ള യത്നങ്ങള്‍ അവരും തുടങ്ങി.വെജിറ്റെ റിയനിസം,ഇകോ-ഫ്രണ്ട്‌ലി ഉല് പ്പന്നങ്ങളുടെ കൃഷി,
  പരിസ്ഥിതി ബോധവല്‍ക്കരണം...എന്നിങ്ങനെ...
  നമുക്ക് വേറിട്ട്‌ ചിന്തിക്കാം.

  ReplyDelete
 5. "ജീവൻ ഒന്നാണ്.എല്ലാ ജീവജാലങ്ങളുടെയും ജീവൻ ഒന്നായിച്ചേർന്ന് കെട്ടുപിണഞ്ഞ് കിടക്കുന്നു.ജീവിതം എന്നത് തുടർച്ചയായ ഒരു ഒഴുക്കാണ്.എല്ലാം എല്ലാം ഒഴുകുന്നു.നദിയിലെ ജലം പോലെ രൂപങ്ങൾ മാറുന്നു,എങ്കിലും എല്ലാം എല്ലാം ഒന്നാണ്.നമുക്കഹങ്കരിക്കാൻ ഒന്നുമില്ല.അഭിമാനിക്കാൻ ഏറെയുണ്ടുതാനും…"

  നല്ല ചിന്ത..പുതിയ അറിവുകള്‍ ഞങ്ങള്‍ക്ക് പകര്‍‌ന്നു തരുന്ന നനവിന്‌ നന്ദി.

  ReplyDelete
 6. Word verification എടുത്തു മാറ്റിയാല്‍ കമന്റ് ഇടുവാന്‍ സൗകര്യമായിരുന്നു. :)

  ReplyDelete
 7. ഉപാസന, ജോൺസിയെ സ്നേഹിക്കുന്ന ആളുകളെ കണ്ടെത്താനാകുന്നത് സന്തോഷകരമാണ്.ഇത് നനവിന്റെ ഗുരുദക്ഷിണയാണ്...

  വസന്തതിലകാ,ചിന്തിക്കുന്നതുപോലെ ജീവിക്കാനും ശ്രമിക്കാം.എത്രത്തോളം ഈ വഴിയിൽ പോകാനാകുമോ എന്നത് ഓരോ വ്യക്തിയേയും ആശ്രയിച്ചിരിക്കുന്നു...

  വായാടീ,WORD VERIFICATION അറിയാതെ വന്നുപോയതാണ്,മാറ്റിയിട്ടുണ്ട്.
  ഏതു നിമിഷവും താഴെയ്ക്കിറ്റു വീഴാവുന്ന പുൽക്കൊടിത്തുമ്പിലെ ഒരു കൊച്ചു ജലകണം മാത്രമായ ഈ മനുഷ്യ ജന്മത്തിൽ എന്താണഹങ്കരിക്കാനുള്ളത്...സ്നേഹം പകർന്നും സ്നേഹം നുകർന്നും പ്രകൃതിയുടെ അനർഘസംഗീതമാസ്വദിച്ചും ഒരു നിമിഷം പോലും വിദ്വേഷമദമാത്സര്യങ്ങൾക്കായി പാഴാക്കാ‍തെ ആർക്ക് ജീവിക്കാനാകുന്നോ അവർ ഭാഗ്യവാന്മാർ...

  ReplyDelete
 8. വസന്തലതികാ, മുകളിലെ കമന്റിൽ പേരു മാറിപ്പോയതിൽ ക്ഷമിക്കുക..സ്നേഹം..

  ReplyDelete