മഴ നിറഞ്ഞ സ്വപ്നങ്ങളീൽ നിന്നുണർന്ന ഒരു പ്രഭാതം.മുഖം കഴുകി മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടൂ,കറിവേപ്പിന്റെ കീഴിലൊരു പച്ചനിറം.ആകാംക്ഷയോടെ അടുത്തുചെന്നുനോക്കി.ഒരു ചെറിയ തണ്ടൂം പച്ചനിറമുള്ള ഇലകളും.എന്താണെന്ന് പെട്ടെന്നു പിടികിട്ടിയില്ലെങ്കിലും,പതുക്കെ മനസ്സിൽ ഓർമ്മകൾ ഓളംചുറ്റി വിടർന്നു.കഴിഞ്ഞ വേനലിന്റെ ഒടുവിൽ അവിടെ കുഴിച്ചിട്ടൊരു കറുത്ത പൂച്ചെടിവിത്തായിരുന്നു അത്.
എന്റെ പൂങ്കുരുന്നേ,ഇത്ര നാളും ദീർഘസുഷുപ്തിയിലായിരുന്നോ നീ,മുളച്ചതേയില്ലല്ലോ എന്നോർത്ത് വിഷമിച്ചതായിരുന്നല്ലൊ ഞാൻപിന്നെ,ദിവസവും പകലിത്തിരിനേരം അതിനുമുന്നിൽ ധ്യാനിച്ചിരിക്കുക പതിവായി.ഓരില ഈരിലയായി,പിന്നെ നീണ്ട വള്ളീയായി മരത്തിൽ ചുറ്റിപ്പിണഞ്ഞ് അതങ്ങനെ വളർന്നുകൊണ്ടെയിരുന്നു.പിന്നെ പൂമൊട്ടുകൾ നിറഞ്ഞുവന്നു,പൂക്കളായി,പൂക്കാലം തന്നെയായി.വയലറ്റു നിറത്തിൽ അരികിൽ വെള്ള അതിരിട്ട് പട്ടുപോലെ നേർത്ത ഇതളൂകളുള്ള പൂക്കൾ.കിഴക്ക് വെള്ള കീറും മുമ്പ് പൂമൊട്ടുകൾ കൂമ്പിയിരിക്കുകയാവും. അപ്പോഴടുത്തുചെന്നാൽ ഉഷസ്സ് അതിനുള്ളിലേയ്ക്ക് പ്രവഹിക്കുന്നതും, മെല്ലെ,വളരെ മെല്ലെ അതിനെയുമ്മവച്ചുണർത്തുന്നതും കാണുമായിരുന്നു.ഒരു പൂവ് വിരിയുന്നത് അതിന്റെ പൂർണ്ണതയിൽ ജീവിതത്തിലൊരിക്കലെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ പ്രകൃതിയെയും ഈശ്വരനെയും കുറിച്ച് നാം അറിയുന്നു,സംശയങ്ങളേതുമില്ലാതെതന്നെ...
ചെടികൾക്ക് മനുഷ്യമനസ്സുമായി ആശയവിനിമയം ചെയ്യാൻ കഴിയുമെന്ന് ആദ്യമായി കണ്ടെത്തിയത് ഭാരതീയ ശാസ്ത്രജ്ഞൻ ജെ.സി. ബോസാണ്.മണ്ണിൽ പച്ചപ്പട്ടു വിരിയിക്കുന്ന കൃഷിക്കാരന്റെയും ആഴക്കടലിൽനിന്ന് മുത്തൂവാരുന്ന മുക്കുവന്റെയും കൂടെക്കഴിഞ്ഞ് അവർ പറയുന്ന അനുഭവങ്ങൾക്ക് ചെവികൊടുത്തുകൊണ്ടാണ് അദ്ദേഹം പ്രകൃതിയേയും മനുഷ്യനെയും കുറിച്ച് തന്റെ ദർശനങ്ങൾക്ക് രൂപംകൊടുത്തത്.ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള അതിർവരമ്പുകൾപോലും വളരെ നേർത്തതും അസ്പഷ്ടവുമായതാണെന്ന് അദ്ദേഹം പറഞ്ഞു.
ഉദാഹരണമായി ,ഒരു ലോഹത്തകിടിന്റെ സ്പന്ദനങ്ങൾ ഏതെങ്കിലും ഒരു ജീവിയുടെതിൽനിന്ന് വേർതിരിച്ചറിയാനാവില്ലെന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.അങ്ങനെവരുമ്പോൾ ജീവനുള്ള വസ്തുക്കളിൽനിന്ന് ‘ചലനമില്ലായ്മ’എന്നൊരു സ്വഭാവത്താൽ മാത്രം വേർതിരിക്കപ്പെട്ട സസ്യലോകത്തിന് അതിനു ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളോടും പ്രതികരിക്കാനുള്ള കഴിവുണ്ടായിരികുമെന്ന നിഗമനത്തിലെത്തിച്ചേർന്നു ബോസ്.
‘ചലനമില്ലായ്മ‘ എന്നതുതന്നെ അതിന്റെ വിശാലമായ അർഥത്തിൽ നോക്കുമ്പോൾ തെറ്റാണെന്നു കാണാം.കാരണം സസ്യങ്ങളൂടെ പ്രകാശാഭിഗതി [ Phototropism] ,വേരുകളുടെ ചലനം ഇവ തന്നെ.സസ്യങ്ങളുടെ ഇലകൾ തൊട്ട് വേരുകൾ വരെ സദാ ജാഗരൂകരായിരിക്കുന്നവയാണ്.ഒരു പൈൻ മരത്തിന് ക്ലോറോഫോംനൽകി മയക്കിയശേഷം അത് നിന്നിടത്തുനിന്ന് മാറ്റി വേറൊരിടത്തേക്ക് നട്ടപ്പോൾ ഞെട്ടൽ [shock ] ഒഴിവാകുകയും പുതിയ സ്ഥലത്ത് പഴയതുപോലെതന്നെ വളർന്നുവരികയും ചെയ്തുവത്രെ.
ജീവികൾക്കുള്ളതുപോലെതന്നെ സസ്യങ്ങൾക്കും ഒരു സിരാഘടനയുണ്ടെന്ന് ബോസ് തെളിയിച്ചു.അതിന്റെ പ്രതികരണങ്ങൾ പേശീസ്പന്ദനങ്ങളോട് താരതമ്യം ചെയ്യാവുന്നവയാണ്.ക്രെസ്ക്കോഗ്രാഫ് എന്ന ഉപകരണമുപയോഗിച്ച് സസ്യത്തിൽനിന്നു വരുന്ന സ്പന്ദങ്ങളെ രേഘപ്പെടുത്തിവയ്ക്കാൻ ബോസിനു കഴിഞ്ഞീട്ടിണ്ട്.ഒരു സസ്യം അതിനെ നേരിടാൻ കത്രികയുമായി വരുന്ന ശാസ്ത്രജ്ഞനെയും കൌതുകം മാത്രമണിഞ്ഞ് വരുന്ന സൌന്ദര്യാരാധകനെയും വേർതിരിച്ചുകാണുന്നുണ്ടെന്ന് ഈ സ്പന്ദങ്ങൾ മുഖേന ബോസ് വെളിപ്പെടുത്തി….
തിയോഡോർ റൊസാക്ക് പറയുന്നു:“പ്രകൃതി ഔത്സുക്യത്തെ സ്വാഗതം ചെയ്യുന്നു.എന്നാൽ കടന്നാക്രമണത്തെ ചെറുക്കുന്നു”ആധൂനിക ശാസ്ത്രം മുഴുവൻ നീങ്ങിക്കൊണ്ടിരിക്കുന്നത് കടന്നാക്രമണത്തീന്റെ പാതയിലൂടെയാണ്.ഒരു സസ്യവർഗ്ഗം ഇല്ലാതാവുന്നതിനോടൊപ്പം അതുണ്ടാക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി 30 ഇതര ജീവികളുടെ സ്പീഷീസികൾ നശിക്കുന്നുവന്നാണ് നോർമൻ മേയേഴ്സ് കണ്ടെത്തിയിട്ടുള്ളത്.ആ ചെടിയിൽ തേനുണ്ണാൻ വരുന്ന പൂമ്പാറ്റകൾ ,ശലഭപ്പുഴുക്കളെ തിന്നാനെത്തുന്ന പ്രാണികൾ, ആ പ്രാണികളെ മാത്രം തിന്നു ജീവിക്കുന്ന പക്ഷികൾ-ആ ശൃംഖല അങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു . അതിലെവിടെയെങ്കിലും ഒരു കണ്ണി പൊട്ടിയാൽ തകരുന്നത് ആ ശൃംഖലയപ്പാടെയാണ്.സമുദ്രതീരത്ത് കാറ്റുകൊള്ളാൻ ചെന്നിരിക്കുന്ന നമ്മൾ അലസമായി എടുത്തുമാറ്റുന്ന ഒരു ചെറു കല്ലുപോലും ഇത്തരത്തിലൊരു താളഭംഗം സൃഷ്ടിക്കാൻ പോന്നതാണ്.
ഒരു പ്രിസത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മി വർണ്ണങ്ങളേഴും സൃഷ്ടിക്കുന്നതുപോലെ ,പ്രപഞ്ചചൈതന്യമൊട്ടാകെയും വിവിധപ്രകൃതിയിൽ നിറഞ്ഞിരിക്കുന്നു.അടിസ്ഥാനപരമായ ഈ തത്വത്തിൽനിന്ന് വേർപെട്ട് നമ്മുടെ അറിവുകൾ ഓരോ അറകളിലേയ്ക്ക് ഒതുങ്ങിക്കൂടൂന്നു.ഒരു വൃത്തത്തിന്റെ ചാപഖണ്ഡത്തെ വൃത്തമായിത്തന്നെ സങ്കൽപ്പിക്കുകയെന്ന ഭീകരമായ തെറ്റിൽ നാം ചെന്ന് നിപതിച്ചിരിക്കുന്നു.’സ്പെഷ്യലിസ്റ്റുകൾ‘ ഒരു സസ്യത്തെ, ഒരു ജീവനെ, ഒരു തത്വത്തെ അതിന്റെ ചുറ്റുപാടുകളിൽനിന്ന് വേർപെടുത്തി , വിശദീകരിച്ച്,മനസ്സിലാക്കി,ഗവേഷണം തുടരുന്നു…..സത്യം അവിടെനിന്നുമെത്രയോ ദൂരെമാറി വർത്തിക്കുന്നു……
ആശ [ആൻഖ് 1987 ഒക്ടോബർ]