Monday, October 11, 2010
Friday, July 30, 2010
ജീവൻ എന്ന പ്രതിഭാസം
ബിഗോണിയ വളർത്തേണ്ടത് എങ്ങിനെയെന്ന് ഞാൻ ‘വീട്ടുചെടികൾ‘ എന്ന ഒരു പുസ്തകത്തിൽ നോക്കിയപ്പോൾ ആ ഇലയുടെ ഞരമ്പുകളിൽ ഒരു ബ്ലേഡ്കൊണ്ട് അവിടവിടെ മുറിവുണ്ടാക്കി മണ്ണിൽ മലർത്തി വച്ച് ദിവസവും അല്പം വെള്ളമൊഴിച്ചാൽ ആ ഇലയിൽനിന്നു പുതിയ ചെടികൾ വരുമെന്ന് കണ്ടു.ഞാൻ അപ്രകാരം ചെയ്തു.മണ്ണിന്റെ നനവ് വിട്ട്പോകാതെ ഒരു കുഞ്ഞിനെ ശുശ്രൂഷിക്കുന്നതുപോലെ ആ ഇലയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും ഇലയുടെ അരുകുകൾ എല്ലാം ഉണങ്ങിപ്പോയി.വലിയ നിരാശ തോന്നി.എന്നിട്ടും ഇല തീരെ ഉണങ്ങിപ്പോകാത്തതുകൊണ്ട് ഞാൻ പ്രത്യാശയോടെ അതിനു വെള്ളം കൊടുത്തുകൊണ്ടിരുന്നു.അങ്ങിനെ രണ്ട് മാസം കഴിഞ്ഞ് മൂന്നാമത്തെ മാസമായപ്പോൾ ഇലയുടെ ഞരമ്പുകളെല്ലാം വന്നു സന്ധിക്കുന്നിടത്ത് കുറച്ച് പൂപ്പൽ പിടിച്ചതുപോലെ കണ്ടു.ദിവസവും ഞാൻ ആ ഭാഗത്ത് വെള്ളം ഇറ്റിച്ചുകൊണ്ടിരുന്നു.പൂപ്പൽ പോലെ കണ്ടത് പിന്നീടൊരു പുഴുക്കടി പോലെയായി.പിന്നെയും രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതിൽനിന്നും കുറ്റിരോമം പോലെ എന്തോ വളർന്ന് നാലുവഴിക്കേക്കും പിരിഞ്ഞു വരാൻ തുടങ്ങി.ഇപ്പോൾ നാലര മാസമായി.വ്യക്തമായി കാണാവുന്ന ഈരണ്ടില വീതമുള്ള രണ്ട് അങ്കുരങ്ങൾ വന്നിട്ടുണ്ട്.ഒരമ്മ കടിഞ്ഞൂൽ പെറ്റ കുഞ്ഞുങ്ങളെ കാണുന്ന കൌതുകത്തോടെയാണ് ഞാൻ അതിനെ ദിവസവും ലാളിക്കുന്നത്.
അതു കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് കന്യകയിൽനിന്നും വന്ന യേശുവിന്റെ ദിവ്യജനനം ഓർമ്മ വന്നു.സുബ്രഹ്മണ്യൻ വന്നത് ശിവന്റെ കണ്ണിൽനിന്നാണല്ലോ.ഗണപതിയുണ്ടായത് പാർവ്വതിയുടെ വിയർപ്പിൽനിന്നും.ഇതെല്ലാം കെട്ടുകഥകളായിരിക്കാം.എന്നാൽ ജീവശാസ്ത്രത്തിൽ പറയുന്ന അനിഷേകിബീജാണു[Parthanospore]അസേജനജനനം[Parthanogenisis]അപരാഗണഫലൻ[Parthanocarpy]ഇതെല്ലാം ശ്രദ്ധേയമായി എനിക്ക് തോന്നി.ശിവനെന്നും പാർവതിയെന്നും കന്യാമറിയമെന്നും പറയുന്നത് റെക്സ് ബിഗോണിയയേക്കാൾ കുറച്ചുകൂടി സംരചിതകോശങ്ങളുള്ള ജീവരൂപങ്ങളാണെന്നേയുള്ളൂ.അതുകൊണ്ട് അടിസ്ഥാനപരമായ ജൈവനിയമങ്ങളിൽനിന്ന് അവരാരും വളരെയൊന്നും ദൂരത്തായിരിക്കുവാൻ ഇടയില്ല.
ഏതായാലും എന്റെ പരീക്ഷണം വിജയിച്ചപ്പോൾ ജീവൻ ഒരു പ്രതിഭാസമല്ലെന്നും അതിനേക്കാൾ ശക്തിയും ശക്തവും ആയ ഒന്നുമില്ലെന്നും ഞാൻ തീരുമാനിച്ചു.അതുകൊണ്ടാണ് കപിലൻ പ്രകൃതിയെ പ്രധാനമെന്നു വിളിച്ചത്.ആകെ ചെടിയുടെ സമ്പൂർണ്ണ രൂപത്തെ ഗോപനം ചെയ്തുവച്ചിരിക്കുന്ന കോശങ്ങളുടെ അത്ഭുതസഞ്ചയം ആലോചിക്കുന്തോറും ദൈവം എന്ന മനുഷ്യകൽപ്പന വളരെ കാവ്യഭംഗിയുള്ള ഒരു ജീവബീജം തന്നെയായിരിക്കണം എന്നുള്ള സങ്കല്പം എന്നിലുണ്ടായി.ആ വ്യാഖ്യാനം കൊണ്ട് ദൈവം എന്റെ മനസ്സിൽ ചെറുതാവുകയല്ല ചെയ്തത്; ഇതുവരെ ഞാൻ മനസ്സിലാക്കിയതിലും അത്ഭുതകരമായി തോന്നി..
അങ്ങനെയിരിക്കുമ്പോഴാണ് അമേരിക്കൻ സയൻസ് മാസികയിൽ ആദ്യത്തെ ജീവന് ആമുഖം കുറിക്കുന്ന പ്രാഗ്ജൈവകോശങ്ങൾ അല്പം പോലും അമ്ലജനകമില്ലാത്ത ഒരവസ്ഥയിൽ നിർജ്ജീവമെന്നു വിളിക്കേണ്ടതായ ലോഹരൂപങ്ങളിൽനിന്നു വന്നു എന്നു വായിച്ചത്.പിന്നീട് അതുതന്നെ ഒരു സോവിയറ്റ് ശാസ്ത്രഗ്രന്ഥത്തിൽ കുറേക്കൂടി അത്ഭുതകരമായ വിവരണങ്ങളോടെ വായിച്ചു.ഒട്ടും ജലമില്ലാത്തയിടത്ത് അത്യധികമായ ഉഷ്ണസ്ഥിതിയിലും ശീതസ്ഥിതിയിലും ജീവന്റെ ഒന്നാമത്തെ ചുനിപ്പ് ഉണ്ടായതായി സോവിയറ്റ് ശാസ്ത്രജ്ഞർ ഇപ്പോൾ അവകാശപ്പെടുന്നു.ഇതുകൊണ്ട് എനിക്ക് പറയാൻ തോന്നുന്നത് പ്രകൃതിയിൽക്കാണുന്ന ആയോജന-സംശ്ലേഷണ-രചനാ പ്രക്രിയ സത്യവും അതിനു കാവ്യഭംഗി നൽകുന്ന മനസ്സിലെ പ്രതീകാത്മകമായ പ്രതിഭാസം ദൈവവും ആണെന്നാണ്.
ഗുരു നിത്യചൈതന്യയതി
ആൻഖ് [1988 ഫെബ്രുവരി ]
Tuesday, June 22, 2010
ആന്തരപ്രകൃതി നന്നായാൽ ബാഹ്യപ്രകൃതിയും രക്ഷപ്പെടും..
വായുവും പ്രകാശവും വേണ്ടത്ര ശരീരത്തിൽ തട്ടാത്തവിധത്തിൽ ശരീരത്തെയാകെ മൂടിപ്പൊതിഞ്ഞു നടക്കുമ്പോൾ നാം അത് പരിഷ്കാരമായി കരുതുന്നു. ശൈത്യമേഖലാപ്രദേശമായ യൂറോപ്പിൽ അധിവസിക്കുന്നവർ ശരീരത്തിലെ ചൂടുനഷ്ടപ്പെടാതെ കഴിക്കാനായി നീണ്ട കാലുറകളും കൈപ്പത്തിവരെ നീളുന്ന കൈകളുള്ള ഷർട്ടുകളും അതിന്മീതെ കനത്ത കോട്ടും ധരിക്കുന്നു.അവർക്കതൊരാവശ്യമാണ്.പക്ഷെ ഉഷ്ണമേഖലാപ്രദേശമായ കേരളത്തിലുള്ളവർ അതിനെ അനുകരിക്കുമ്പോൾ,അത് ആരോഗ്യത്തിന് ഹാനികരമായി ഭവിക്കുന്നു.ശരീരത്തിൽ കഴിയുന്നത്ര കാറ്റും വെളിച്ചവും ഏൽക്കുന്നതിന് സഹായകമായ വേഷവിധാനങ്ങളാണ് ഉഷ്ണമേഖലാപ്രദേശങ്ങളിലുള്ളവർക്കാവശ്യം.
പഞ്ച്ഭൂതങ്ങളിൽ നാലാമത്തേത് വെള്ളവും അഞ്ചാമത്തേത് ഭൂമിയുമാണ്(ഭൂമി എന്ന് പറഞ്ഞാൽ,ഭൂമിയിൽ ഉണ്ടാകുന്നത് എന്നർത്ഥം;മറ്റൊരുതരത്തിൽ പറഞ്ഞാൽ ഭക്ഷണ പദാർത്ഥങ്ങൾ.)ഇവ രണ്ടും നാം ഉപയോഗപ്പേടുത്തുന്നതിനേക്കാളധികം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.മനുഷ്യശരീരത്തിൽ മുക്കാൽഭാഗത്തിലുമധികവും വെള്ളമാണ്.നമുക്കാവശ്യമായത്ര ജലം നമുക്ക് നമ്മുടെ ഭക്ഷണപദാർത്ഥ്ങ്ങളിൽനിന്നുതന്നെ ലഭിക്കുന്നുണ്ട്.ഇതിന്നപ്പുറം വെള്ളം കുടിക്കേണ്ട കാര്യമേയില്ല*അമിതമായി വെയിൽകോണ്ടാൽ ശരീരത്തിലെ ജലാംശം സീമാതീതമായി ബാഷ്പീകരിക്കും.ആവശ്യത്തിലേറെ ഭക്ഷണം കഴിച്ചാൽ,അത് വയറ്റിൽ കിടന്ന് ജീർണ്ണിക്കുകയും ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും.ഈ അവസരങ്ങളിൽമാത്രമേ ശരീരത്തിന് കൂടുതൽ ജലം ആവശ്യമായി വരൂ;അത് ദാഹമായി പ്രകടമാകുന്നു.
എന്നാൽ നാം ഇന്ന് തീർത്തും അനാവശ്യമായി പലരൂപത്തിലും വെള്ളം അകത്താക്കുന്നു .കാപ്പി ചായ തുടങ്ങിയവ ഒരുവക;ഭക്ഷണത്തിന്റെ കൂടെ മറ്റൊരുവക.അനാവശ്യമായി അകത്തേയ്ക്ക് കടത്തിവിടുന്നവ പുറംതള്ളേണ്ട ഭാരം വൃക്കയ്ക്ക് വന്നുചേരുന്നു.അമിതാധ്വാനത്തിന്ന് നിർബദ്ധമാകുന്ന വൃക്കയ്ക്ക് അതിവേഗം കേട് പറ്റുന്നു.സമീപകാലത്ത് വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.ആന്തരികമായി മാത്രമല്ല ബാഹ്യമായും നാം ജലം ദുരുപയോഗപ്പെടുത്തുന്നു.ദിവസത്തിൽ മൂന്നു പ്രാവശ്യം പച്ചവെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യസംരക്ഷ്ണത്തിനു് അത്യാവശ്യമാണ്.പക്ഷെ നാമിന്ന് കുളിക്കുന്നില്ല.ദേഹത്തിൽ തേക്കുന്ന എണ്ണയും സോപ്പും കഴുകിക്കളയുവാൻ ജലം ഉപയോഗിക്കുക മാത്രമാണ് ഇന്ന് ചെയ്തുവരുന്നത്.തന്മൂലം ജലത്തിൽനിന്നും ‘ജീവൻ’ ഉൾക്കൊള്ളാൻ ശരീരത്തിന് കഴിയാതെ പോകുന്നു.
നാം ഏറ്റവുമധികം ദുരുപയോഗപ്പെടുത്തുന്ന പഞ്ചഭൂതാംശം ഭൂമി-ഭക്ഷണം- ആണ്.ആരോഗ്യസംരക്ഷണത്തിന്നാവശ്യമായ ഭക്ഷണം കഴിക്കുകയല്ല,നാവിന്റേയും വയറിന്റേയും ആർത്തിക്ക് വിധേയമാവുകയാണ് നാം ചെയ്തുവരുന്നത്.ഭക്ഷണം കൂടുതൽ കൂടുതൽ കൃത്രിമമാകുംതോറും നാട്ടിൽ രോഗങ്ങളും ഡോക്ടർമാരും ആസ്പത്രികളും പെരുകിവരുന്നു.സസ്യങ്ങൾ,പച്ചക്കറികൾ,പഴങ്ങൾ എന്നിവയാണ് മനുഷ്യന്റെ സ്വാഭാവികമായ ഭക്ഷണം.ഇവ ലഭ്യമല്ലാതെ വരുന്ന അവസരങ്ങളിൽ,അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ് ധാന്യങ്ങൾ;മാംസ ഭക്ഷണം മനുഷ്യന് വിധിച്ചിട്ടുള്ളതേയല്ല.എന്നാൽ ഇന്നു നമ്മുടെ മുഖ്യ ഭക്ഷ്യവസ്തു ധാന്യങ്ങളാണ്.പച്ചക്കറികളും മറ്റും ഉപദംശങ്ങളായിത്തീർന്നിരിക്കുന്നു.അതുപോലും ഉപ്പ്,മുളക്,പുളി എന്നിവ ചേർത്ത് നാം അഭക്ഷ്യവസ്തുക്കളാക്കി മാറ്റുന്നു.ഇതിന് പുറമെ കാപ്പി,ചായ തുടങ്ങിയ ഉത്തേജകവസ്തുക്കളും മദ്യം പോലെയുള്ള ലഹരിവസ്തുക്കളും കൂടിയാകുമ്പോൾ നമ്മുടെ ദുരന്തം പൂർത്തിയാകുന്നു.
അഭക്ഷ്യമായ വസ്തുക്കൾ ഭക്ഷിക്കുന്നുവെന്നതുമാത്രമല്ല നമുക്ക് പറ്റുന്ന തെറ്റ്;ശരിയായ ഭക്ഷണമായാലും അത് അമിതമാകാതിരിക്കണം.നാവിന്റേയും വയറിന്റേയും വിളികൾക്ക് നാം അടിമപ്പെടരുത്.ഒരിക്കൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയ പൂർത്തിയാവാൻ നാലു മണിക്കൂർ പിടിക്കും.അതിനുശേഷം അല്പനേരം വയറിന് വിശ്രമമനുവദിക്കണം.അങ്ങിനെ ആറു മണിക്കൂർ ഇടവിട്ടുള്ള ഒരു ഭക്ഷണക്രമമാണ് ആരോഗ്യകരം.ഇതിനിടയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കുന്നതിനു പകരം ജീർണ്ണിക്കും.ഭക്ഷിക്കുമ്പോൾ ഒരിക്കലും “വയർനിറയെ”ഭക്ഷിക്കരുത്.ഭക്ഷണമെപ്പോഴും അരവയറിൽ ഒതുങ്ങണം;എങ്കിലേ ഉദരത്തിന് ശരിക്ക് ദഹനക്രിയ നിർവ്വഹിക്കാൻ കഴിയൂ.അരവയർ ഭക്ഷണത്തിനു്; കാൽഭാഗം ജലത്തിന്ന്;ബാക്കി വായുവിന് എന്നാണ് ഭക്ഷണം സമ്പന്ധിച്ച പഴയ പ്രമാണം.ഒരു നേരം മാത്രം ഭക്ഷിക്കുന്നവൻ യോഗി;രണ്ട്നേരം ഭക്ഷിക്കുന്നവൻ ഭോഗി;മൂന്നു നേരം ഭക്ഷിക്കുന്നവൻ രോഗി എന്നൊരു ഭക്ഷണ പ്രമാണം വേറെയുമുണ്ട്.
പഞ്ചഭൂതങ്ങളെ പരാമർശിച്ചുതുടങ്ങിയ അവസരത്തിൽ ഒന്നാമത്തേതായ ആകാശത്തെ ഞാൻ വിട്ടുകളഞ്ഞിരുന്നു.കാരണമുണ്ട്.അതല്പം ദുർഗ്രഹമാണ്.മറ്റെല്ലാ ഭൂതങ്ങളുടേയും ഉറവിടമായ ആകാശത്തിന്റെ ചൈതന്യം വ്യക്തമാക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ.ആകാശം എന്നൊന്നില്ലായിരുന്നുവെങ്കിൽ,നാം അധിവസിക്കുന്ന ഈ ഭൂമിയും വ്യാഴം,ശനിതുടങ്ങിയ ഗ്രഹങ്ങളെപ്പോലെ നിർജ്ജീവമാകുമായിരുന്നു.സകല ജീവജാലങ്ങളുടേയും ബാഹ്യശരീരത്തെ സംരക്ഷിക്കുന്നതും പോറ്റിവളർത്തുന്നതും ആകാശമാണ്.ലോകത്തിലെ രാസവ്യവസായം ഇന്നത്തെപ്പോലെ മുന്നോട്ട് പോയാൽ,ആകാശത്തിലെ “ഓസോൺ”ക്ഷയിക്കുമെന്നും സകല ജീവജാലങ്ങളും നശിക്കുമെന്നും ശാസ്ത്രജ്ഞന്മാർ ഈയിടെ മുന്നറിയിപ്പ് നൽകിയത് അനുസ്മരിക്കുക.
ബാഹ്യശരീരത്തിന് മാത്രമല്ല,ശരീരത്തിന്റെ അന്തർഭാഗത്തിനും ആകാശം പോഷകമാണ്.ഒരിക്കൽ കഴിച്ച ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ,ഉദരത്തിന് അല്പസമയം വിശ്രമം നൽകണമെന്നു പറയുന്നതിന്റെ അർത്ഥം അതാണ്.ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്ന് പഴയ ആചാരത്തിന്റെ ഉദ്ദേശ്യവും അതുതന്നെയാണ്.ശരീരത്തിനകത്ത് ഒരു ശൂന്യമണ്ഡലം സൃഷ്ടിച്ച് ആകാശത്തിനു പ്രസരിക്കാൻ ഇടമുണ്ടാക്കുക എന്നതാണ് ഉപവാസാദി വ്രതാനുഷ്ഠാനങ്ങളുടെ ഉദ്ദേശ്യം.
ബാഹ്യപ്രകൃതിയെ മലിനമാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്താലുണ്ടാകുന്ന വിപത്തുകളെല്ലാം അവന്റെ ആന്തരപ്രകൃതിയെ മലിനമാക്കിയാലും ദുരുപയോഗപ്പെടുത്തിയാലും വന്നുചേരും...നാം അതിനു രോഗം എന്നു പേരിട്ട് ഡോക്ടറുടെയോ വൈദ്യന്റെയോ അടുത്തേക്ക് ഓടുന്നു.ഡോക്ടർ നമ്മുടെ ശരീരത്തിൽ ഒരു ഇന്ദ്രജാലവും കാണിക്കുന്നില്ല.അദ്ദേഹം പഞ്ചഭൂതങ്ങളുടെ ബാലൻസ് വീണ്ടെടുത്തുതരുമ്പോൾ നാം രോഗമുക്തി നേടുന്നു.
ബാലൻസ് തെറ്റിച്ചതിനുശേഷം വീണ്ടും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നതിനുപകരം നമുക്ക് ആ ബാലൻസ് തെറ്റാതെ സൂക്ഷിക്കാവുന്നതല്ലേ?ബാഹ്യപ്രകൃതിയെക്കുറിച്ച് വ്യക്തികളെന്ന നിലയ്ക്ക് നാം ഏറെക്കുറെ നിസ്സഹായരാണ്.വരൾച്ചയും വെള്ളപ്പൊക്കവുമുണ്ടാകുമ്പോൾ കാടു നശിപ്പിച്ചവരെ നമുക്കു ശപിക്കാനേ കഴിയുള്ളൂ.വായുമലിനീകരണമുണ്ടാകുമ്പോൾ ചുമച്ചുകൊണ്ട് ഓടിനടക്കാനേ നമുക്കിന്ന് സാധിക്കൂ.എന്നാൽ നമുക്ക് നമ്മുടെ ആന്തരപ്രകൃതിയെ സംരക്ഷിക്കാൻ ആരുടെയും അനുമതി ആവശ്യമില്ല.മനുഷ്യരെല്ലാം ആന്തരപ്രകൃതിയെ സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധരായാൽ ബാഹ്യപ്രകൃതിയും സംരക്ഷിക്കപ്പെടും.കാരണം,ആന്തരപ്രകൃതിയെ മലീമസമാക്കുന്നതിനുള്ള -സുഖലോലുപതയ്ക്കുള്ള-നെട്ടോട്ടമാണ് ബാഹ്യപ്രകൃതിയെ അപകടത്തിലാക്കുന്നത്...
ടി.വി.എ.വാര്യർ
ആൻഖ് [1988 മാർച്ച്]
Monday, May 31, 2010
ശംഖൊലി 2
ആദിയിൽ പ്രപഞ്ചം ഉണ്ടായി.അത് ഊർജ്ജമായിരുന്നു.ഞാൻ അവിടെയുണ്ടായിരുന്നു.ഞാൻ ഊർജ്ജമായിരുന്നു.
പിന്നീട് ഊർജ്ജം ദ്രവ്യമായി മാറി,ഞാനും…
ദ്രവ്യത്തിൽനിന്ന് ആദ്യത്തെ അണുജീവികൾ ഉണ്ടായി.ജലവും വായുവും മണ്ണുമായിരുന്ന ദ്രവ്യംകൊണ്ടാണ് അവ ഉണ്ടായത്.അവയുടെ ഉള്ളിലെ ദ്രവ്യം നിരന്തരം പുറത്തേക്ക് പോവുകയും പുറത്തുള്ള ദ്രവ്യം ഉള്ളിലേയ്ക്ക് കയറുകയും ചെയ്തു.നിരന്തരമായ ചിട്ടയോടുകൂടിയ ഈ കൈമാറ്റപ്രക്രിയയെ ജീവൻ എന്നു വിളിച്ചു.ഞാൻ ആ ദ്രവ്യമായിരുന്നു.ഞാൻ ആ അണുജീവിയായിരുന്നു.
കോടാനുകോടി നിമിഷങ്ങളിലൂടെ മാസങ്ങളിലൂടെ സംവത്സരങ്ങളിലൂടെ ജീവൻ പരിണമിച്ചു.അണുജീവികൾ ഏകകോശജീവികളായും പിന്നീട് ബഹുകോശജീവികളുമായി മാറി.പുഴുക്കളും ഞണ്ടുകളും കൂന്തലുകളും സമുദ്രതാരങ്ങളുമുണ്ടായി.മത്സ്യങ്ങൾ ഉണ്ടായി.അവയിൽ ചിലത് കരയിലേക്ക് കയറിവന്ന് ഉഭയജീവികൾക്കും ഉരഗങ്ങൾക്കും ജന്മം നൽകി.ഉരഗങ്ങളിൽനിന്ന് കാലത്തികവിൽ സസ്തനികൾ ഉണ്ടായി.അവയാണ് വാനരന്മാരുടെ ഉറവിടം.വാനരന്മാർ മനുഷ്യവർഗ്ഗത്തെ ഉത്പാദിപ്പിച്ചു.ഒടുവിൽ ഇതാ,ഈ രൂപത്തിൽ,ഈ നാമത്തിൽ ഞാൻ ഉണ്ടായിരിക്കുന്നു.
എന്റെ ശരീരം ദ്രവ്യനിർമ്മിതമാണ്.വായുവും ജലവും മണ്ണുമാണിത്.ഈ കണികകൾക്ക് ഓർമ്മശക്തിയുണ്ടായിരുന്നെങ്കിൽ ഇവയോരോന്നും അവയുടെ പൂർവ്വരൂപങ്ങളെപ്പറ്റി പൂർവ്വനാമങ്ങളെപ്പറ്റി എന്തെല്ലാം പറയുമായിരുന്നില്ല…
ജീവൻ ഒന്നാണ്.എല്ലാ ജീവജാലങ്ങളുടെയും ജീവൻ ഒന്നായിച്ചേർന്ന് കെട്ടുപിണഞ്ഞ് കിടക്കുന്നു.ജീവിതം എന്നത് തുടർച്ചയായ ഒരു ഒഴുക്കാണ്.എല്ലാം എല്ലാം ഒഴുകുന്നു.നദിയിലെ ജലം പോലെ രൂപങ്ങൾ മാറുന്നു,എങ്കിലും എല്ലാം എല്ലാം ഒന്നാണ്.നമുക്കഹങ്കരിക്കാൻ ഒന്നുമില്ല.അഭിമാനിക്കാൻ ഏറെയുണ്ടുതാനും…
ജോൺസി [ആങ്ഖ് 1988ഫെബ്രുവരി]
Thursday, May 13, 2010
ഒരു പൂവിന്റെ വിടർച്ച,അറിവിന്റെയും….
മഴ നിറഞ്ഞ സ്വപ്നങ്ങളീൽ നിന്നുണർന്ന ഒരു പ്രഭാതം.മുഖം കഴുകി മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടൂ,കറിവേപ്പിന്റെ കീഴിലൊരു പച്ചനിറം.ആകാംക്ഷയോടെ അടുത്തുചെന്നുനോക്കി.ഒരു ചെറിയ തണ്ടൂം പച്ചനിറമുള്ള ഇലകളും.എന്താണെന്ന് പെട്ടെന്നു പിടികിട്ടിയില്ലെങ്കിലും,പതുക്കെ മനസ്സിൽ ഓർമ്മകൾ ഓളംചുറ്റി വിടർന്നു.കഴിഞ്ഞ വേനലിന്റെ ഒടുവിൽ അവിടെ കുഴിച്ചിട്ടൊരു കറുത്ത പൂച്ചെടിവിത്തായിരുന്നു അത്.
എന്റെ പൂങ്കുരുന്നേ,ഇത്ര നാളും ദീർഘസുഷുപ്തിയിലായിരുന്നോ നീ,മുളച്ചതേയില്ലല്ലോ എന്നോർത്ത് വിഷമിച്ചതായിരുന്നല്ലൊ ഞാൻപിന്നെ,ദിവസവും പകലിത്തിരിനേരം അതിനുമുന്നിൽ ധ്യാനിച്ചിരിക്കുക പതിവായി.ഓരില ഈരിലയായി,പിന്നെ നീണ്ട വള്ളീയായി മരത്തിൽ ചുറ്റിപ്പിണഞ്ഞ് അതങ്ങനെ വളർന്നുകൊണ്ടെയിരുന്നു.പിന്നെ പൂമൊട്ടുകൾ നിറഞ്ഞുവന്നു,പൂക്കളായി,പൂക്കാലം തന്നെയായി.വയലറ്റു നിറത്തിൽ അരികിൽ വെള്ള അതിരിട്ട് പട്ടുപോലെ നേർത്ത ഇതളൂകളുള്ള പൂക്കൾ.കിഴക്ക് വെള്ള കീറും മുമ്പ് പൂമൊട്ടുകൾ കൂമ്പിയിരിക്കുകയാവും. അപ്പോഴടുത്തുചെന്നാൽ ഉഷസ്സ് അതിനുള്ളിലേയ്ക്ക് പ്രവഹിക്കുന്നതും, മെല്ലെ,വളരെ മെല്ലെ അതിനെയുമ്മവച്ചുണർത്തുന്നതും കാണുമായിരുന്നു.ഒരു പൂവ് വിരിയുന്നത് അതിന്റെ പൂർണ്ണതയിൽ ജീവിതത്തിലൊരിക്കലെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ പ്രകൃതിയെയും ഈശ്വരനെയും കുറിച്ച് നാം അറിയുന്നു,സംശയങ്ങളേതുമില്ലാതെതന്നെ...
ചെടികൾക്ക് മനുഷ്യമനസ്സുമായി ആശയവിനിമയം ചെയ്യാൻ കഴിയുമെന്ന് ആദ്യമായി കണ്ടെത്തിയത് ഭാരതീയ ശാസ്ത്രജ്ഞൻ ജെ.സി. ബോസാണ്.മണ്ണിൽ പച്ചപ്പട്ടു വിരിയിക്കുന്ന കൃഷിക്കാരന്റെയും ആഴക്കടലിൽനിന്ന് മുത്തൂവാരുന്ന മുക്കുവന്റെയും കൂടെക്കഴിഞ്ഞ് അവർ പറയുന്ന അനുഭവങ്ങൾക്ക് ചെവികൊടുത്തുകൊണ്ടാണ് അദ്ദേഹം പ്രകൃതിയേയും മനുഷ്യനെയും കുറിച്ച് തന്റെ ദർശനങ്ങൾക്ക് രൂപംകൊടുത്തത്.ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള അതിർവരമ്പുകൾപോലും വളരെ നേർത്തതും അസ്പഷ്ടവുമായതാണെന്ന് അദ്ദേഹം പറഞ്ഞു.
ഉദാഹരണമായി ,ഒരു ലോഹത്തകിടിന്റെ സ്പന്ദനങ്ങൾ ഏതെങ്കിലും ഒരു ജീവിയുടെതിൽനിന്ന് വേർതിരിച്ചറിയാനാവില്ലെന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.അങ്ങനെവരുമ്പോൾ ജീവനുള്ള വസ്തുക്കളിൽനിന്ന് ‘ചലനമില്ലായ്മ’എന്നൊരു സ്വഭാവത്താൽ മാത്രം വേർതിരിക്കപ്പെട്ട സസ്യലോകത്തിന് അതിനു ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളോടും പ്രതികരിക്കാനുള്ള കഴിവുണ്ടായിരികുമെന്ന നിഗമനത്തിലെത്തിച്ചേർന്നു ബോസ്.
‘ചലനമില്ലായ്മ‘ എന്നതുതന്നെ അതിന്റെ വിശാലമായ അർഥത്തിൽ നോക്കുമ്പോൾ തെറ്റാണെന്നു കാണാം.കാരണം സസ്യങ്ങളൂടെ പ്രകാശാഭിഗതി [ Phototropism] ,വേരുകളുടെ ചലനം ഇവ തന്നെ.സസ്യങ്ങളുടെ ഇലകൾ തൊട്ട് വേരുകൾ വരെ സദാ ജാഗരൂകരായിരിക്കുന്നവയാണ്.ഒരു പൈൻ മരത്തിന് ക്ലോറോഫോംനൽകി മയക്കിയശേഷം അത് നിന്നിടത്തുനിന്ന് മാറ്റി വേറൊരിടത്തേക്ക് നട്ടപ്പോൾ ഞെട്ടൽ [shock ] ഒഴിവാകുകയും പുതിയ സ്ഥലത്ത് പഴയതുപോലെതന്നെ വളർന്നുവരികയും ചെയ്തുവത്രെ.
ജീവികൾക്കുള്ളതുപോലെതന്നെ സസ്യങ്ങൾക്കും ഒരു സിരാഘടനയുണ്ടെന്ന് ബോസ് തെളിയിച്ചു.അതിന്റെ പ്രതികരണങ്ങൾ പേശീസ്പന്ദനങ്ങളോട് താരതമ്യം ചെയ്യാവുന്നവയാണ്.ക്രെസ്ക്കോഗ്രാഫ് എന്ന ഉപകരണമുപയോഗിച്ച് സസ്യത്തിൽനിന്നു വരുന്ന സ്പന്ദങ്ങളെ രേഘപ്പെടുത്തിവയ്ക്കാൻ ബോസിനു കഴിഞ്ഞീട്ടിണ്ട്.ഒരു സസ്യം അതിനെ നേരിടാൻ കത്രികയുമായി വരുന്ന ശാസ്ത്രജ്ഞനെയും കൌതുകം മാത്രമണിഞ്ഞ് വരുന്ന സൌന്ദര്യാരാധകനെയും വേർതിരിച്ചുകാണുന്നുണ്ടെന്ന് ഈ സ്പന്ദങ്ങൾ മുഖേന ബോസ് വെളിപ്പെടുത്തി….
തിയോഡോർ റൊസാക്ക് പറയുന്നു:“പ്രകൃതി ഔത്സുക്യത്തെ സ്വാഗതം ചെയ്യുന്നു.എന്നാൽ കടന്നാക്രമണത്തെ ചെറുക്കുന്നു”ആധൂനിക ശാസ്ത്രം മുഴുവൻ നീങ്ങിക്കൊണ്ടിരിക്കുന്നത് കടന്നാക്രമണത്തീന്റെ പാതയിലൂടെയാണ്.ഒരു സസ്യവർഗ്ഗം ഇല്ലാതാവുന്നതിനോടൊപ്പം അതുണ്ടാക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി 30 ഇതര ജീവികളുടെ സ്പീഷീസികൾ നശിക്കുന്നുവന്നാണ് നോർമൻ മേയേഴ്സ് കണ്ടെത്തിയിട്ടുള്ളത്.ആ ചെടിയിൽ തേനുണ്ണാൻ വരുന്ന പൂമ്പാറ്റകൾ ,ശലഭപ്പുഴുക്കളെ തിന്നാനെത്തുന്ന പ്രാണികൾ, ആ പ്രാണികളെ മാത്രം തിന്നു ജീവിക്കുന്ന പക്ഷികൾ-ആ ശൃംഖല അങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു . അതിലെവിടെയെങ്കിലും ഒരു കണ്ണി പൊട്ടിയാൽ തകരുന്നത് ആ ശൃംഖലയപ്പാടെയാണ്.സമുദ്രതീരത്ത് കാറ്റുകൊള്ളാൻ ചെന്നിരിക്കുന്ന നമ്മൾ അലസമായി എടുത്തുമാറ്റുന്ന ഒരു ചെറു കല്ലുപോലും ഇത്തരത്തിലൊരു താളഭംഗം സൃഷ്ടിക്കാൻ പോന്നതാണ്.
ഒരു പ്രിസത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മി വർണ്ണങ്ങളേഴും സൃഷ്ടിക്കുന്നതുപോലെ ,പ്രപഞ്ചചൈതന്യമൊട്ടാകെയും വിവിധപ്രകൃതിയിൽ നിറഞ്ഞിരിക്കുന്നു.അടിസ്ഥാനപരമായ ഈ തത്വത്തിൽനിന്ന് വേർപെട്ട് നമ്മുടെ അറിവുകൾ ഓരോ അറകളിലേയ്ക്ക് ഒതുങ്ങിക്കൂടൂന്നു.ഒരു വൃത്തത്തിന്റെ ചാപഖണ്ഡത്തെ വൃത്തമായിത്തന്നെ സങ്കൽപ്പിക്കുകയെന്ന ഭീകരമായ തെറ്റിൽ നാം ചെന്ന് നിപതിച്ചിരിക്കുന്നു.’സ്പെഷ്യലിസ്റ്റുകൾ‘ ഒരു സസ്യത്തെ, ഒരു ജീവനെ, ഒരു തത്വത്തെ അതിന്റെ ചുറ്റുപാടുകളിൽനിന്ന് വേർപെടുത്തി , വിശദീകരിച്ച്,മനസ്സിലാക്കി,ഗവേഷണം തുടരുന്നു…..സത്യം അവിടെനിന്നുമെത്രയോ ദൂരെമാറി വർത്തിക്കുന്നു……
ആശ [ആൻഖ് 1987 ഒക്ടോബർ]
Saturday, May 1, 2010
ശംഖൊലി..
കേരളീയരെ പരിസ്ഥിതി എന്നാലെന്തെന്നു പഠിപ്പിച്ചശേഷം കടന്നുപോയ ജോൺസിയുടെ പുസ്തകങ്ങളായ സൂചീമുഖി,ആൻഖ്,പ്രസാദം തുടങ്ങിയ മാസികകളിൽനിന്നും പ്രസക്തമായ ചില കാര്യങ്ങൾ പുതുവായനക്കാർക്കും പുനർവ്വായനക്കർക്കുംവേണ്ടി എടുത്തുചേർക്കുകയാണിവിടെ...വായിക്കുക...ഉൾക്കൊള്ളുക....ജീവിക്കുക....
ആ പാദങ്ങളിൽ പ്രണമിച്ചുകൊണ്ട്....

കേരളീയരായ നാം വാചകക്കസർത്തിൽ പ്രഗത്ഭരാണ്.എതു വിഷയത്തെപ്പറ്റിയും ഘോരം ഘോരം സംസാരിക്കാൻ നമ്മെപ്പോലെ കഴിവുള്ള മറ്റൊരു കൂട്ടർ ഉണ്ടോ എന്നു സംശയമാണ്.നമ്മുടെ ശാസ്ത്രീയവീക്ഷണവും വിഷയാപഗ്രഥനശേഷിയും കേമമത്രെ.
നമുക്കീയിടെയായി വാചകക്കസർത്തിന് പുതിയൊരു വിഷയം കിട്ടിയിരിക്കുന്നു-പരിരക്ഷണം .പ്രസംഗങ്ങൾ,ലേഖനങ്ങൾ,കഥകൾ,കവിതകൾ,നാടകങ്ങൾ...ചിറപൊട്ടിയൊഴുകുകയായി.
വാചകമടി നല്ലതുതന്നെ.ആക്രോശങ്ങളും മോശമില്ല.ഉറങ്ങുന്നവനെ ഉണർത്താൻ അവ ഉപകരിക്കും.മടിയന്മാരെ കർമ്മനിരതരാക്കും.പക്ഷെ,ഉറക്കമുണർന്നവൻ എന്തു ചെയ്യണം?
ആൻഖ് അവരെക്കുറിച്ചാണു ചിന്തിക്കുന്നത്.നമുക്കൊന്നിച്ച് എന്തെങ്കിലും ചെയ്തുകൂടെ?പ്രകൃതിയെ സ്നേഹിക്കുന്നവർ,മനുഷ്യന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്നവർ,സുബോധത്തിന്റെ ഉഷസ്സിൽ കണ്ണുതിരുമ്മി എഴുന്നേൽക്കുന്നവർ കൈകോർത്തുപിടിക്കുമ്പോൾ ഓരോ പ്രദേശത്തും എത്ര ചെറുതായാലും അത്തരക്കാരുടെ ചെറുകൂട്ടങ്ങൾ ഉണ്ടാകണം.
പ്രകൃതിവിരുദ്ധ ചിന്താഗതിയും പ്രകൃതിവിരുദ്ധജീവിതശൈലിയുംകൊണ്ട് പ്രകൃതിസ്നേഹികളാകാൻ കഴിയില്ല.അതുകൊണ്ട് കാഴ്ച്ചപ്പാടിലും ജീവിതശൈലിയിലും മാറ്റം അനിവാര്യമാണ്.ജീവിതം ലളിതമാക്കുക,ആവശ്യങ്ങൾ കുറക്കുക,ആവശ്യമില്ലാത്തവ വാങ്ങലും ഉപയോഗിക്കലും സംഭരിക്കലും നിർത്തുക.പ്രകൃതിയിൽനിന്നെടുക്കുന്നതെല്ലാം പ്രകൃതിക്കു തിരികെ നൽകുക.പ്രകൃതിയിൽ ഓരോന്നിനും അതിന്റെ ധർമ്മം നിർവഹിക്കാനുണ്ടെന്നും നാമും പ്രകൃതിയുടെ ഒരു കണ്ണി മാത്രമാണെന്നും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ബോധ്യം വരും.
ഇവിടെയാണ് ഒത്തുചേരലുകളുടെയും കൂട്ടായ ചർച്ചയുടെയും [തലനാരിഴ കീറലല്ല!]പ്രസക്തി.സ്വയം വിമർശനവും പരസ്പര സഹകരണവും ആവശ്യമായിവരും.എല്ലാവരും ഒരേ കുടുംബമാണെന്ന ബോധം ഉളവാകും.രക്തബന്ധങ്ങളെക്കാൾ ഉറപ്പുള്ളത് സ്നേഹബന്ധങ്ങൾക്കാണെന്നും വാങ്ങുന്നതിനെക്കാൾ നല്ലത് കൊടുക്കുന്നതാണെന്നും ജയിക്കുക എന്നതിനോടൊപ്പം തോൽക്കുന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും നാം മനസ്സിലാക്കും.എല്ലാം ഒന്നാണ് എന്ന സത്യം നാം കാണും.ഒരു മഹാസമുദ്രത്തിലെ വലുതും ചെറുതുമായ ഓളങ്ങളാണ് നാം ഓരോരുത്തരുമെന്ന് നാം തിരിച്ചറിയും.നാമും നമ്മുടെ ലോകവും സമ്പൂർണ്ണ പരിവർത്തനത്തിനു പാത്രീഭവിക്കും.ഏറ്റവും ചെറിയ ബാക്ടീരിയത്തെപ്പോലും നമ്മുടെ സഹോദരനായി കാണാൻ കഴിയും.
കാഴ്ചപ്പാട്,വിശ്വാസം,പ്രവൃത്തി ഇവയാണ് പ്രമാണം.എന്തും സ്വജീവിതത്തിൽ ആരംഭിക്കുന്നു.അതിനു തയ്യാറുള്ളവർ ഒത്തൊരുമിക്കുക.താമസിച്ചാൽ വൈകിപ്പോകും...
ജോൺസി [ആൻഖ് 1987 സെപ്റ്റമ്പർ]
Friday, March 26, 2010
ജോൺസി പഠിപ്പിക്കുന്നു: പരിസ്ഥിതിയുടെ ആത്മീയത
ജോൺസി എന്ന മനുഷ്യൻ 2008 ഒക്ടോബർ 11നു തന്റെ ഭൌതികശരീരം വെടിഞ്ഞ് പ്രകൃതിയിൽ ലയിച്ചുചേർന്നു....
ആരാണീ ജോൺസി? എന്തായിരുന്നു ആ മനുഷ്യനു ഈ മണ്ണിൽ നിർവഹിക്കാനുണ്ടായിരുന്ന ദൌത്യം?പരിസ്ഥിതി എന്നത് ഏറ്റവുമധികം പോപ്പുലറായ ഒരു വാക്കായിമാറിയ ഇക്കാലത്ത് ഈ വാക്ക് ഉച്ചരിക്കുമ്പോൾ അതിന്റെ കൂടെ ചേർത്തുച്ചരിക്കേണ്ട ഒരു വാക്കാണ് ജോൺസി...
കോട്ടയത്തെ ഒരു യാഥാസ്ഥിതിക കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോൺ ക്രിസ്റ്റഫർ എന്ന ജോൺസി കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായി മാറി.എല്ലാം പണംകൊണ്ടും ജാതീയത കൊണ്ടും മറ്റും അളക്കുന്ന ഒരു സാമൂഹിക ക്രമത്തിൽ എല്ലാം സ്നേഹംകൊണ്ടളക്കാൻ പഠിപ്പിച്ചുകൊണ്ട്,പൂർണമായും പരിസ്ഥിതി എന്ന മതത്തിൽ ആത്മസമർപ്പണം ചെയ്തുകൊണ്ടു ജീവിച്ചു.പരിസ്ഥിതി എന്നത് കേവലം ഒരാശയമല്ലെന്നും അതൊരു ജീവിതശൈലിയാണെന്നും ജീവിച്ചുകാണിക്കുകയും അനേകരെ ഈ പാതയിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു.
ഇത്രമാത്രം പറഞ്ഞാൽ പോര ജോൺസിയെപ്പറ്റി..ഓരോരുത്തരും ആ മനുഷ്യനെപ്പറ്റി കൂടുതൽ അറിയേണ്ടിയിരിക്കുന്നു...
ക്രിസ്തുമതവിശ്വാസിയായി ജനിച്ച ജോൺസി ക്രിസ്തുമതത്തോടു കലഹിച്ചു,പക്ഷെ ,ക്രിസ്തുവിനെ ആരാധിച്ചു.കാരണം ക്രിസ്തുവിൽ ആത്മീയതയുണ്ടായിരുന്നു...പരിസ്ഥിതിയുണ്ടായിരുന്നു. ക്രിസ്തുമതം ശുദ്ധശൂന്യമായ ഒരു മതമാണെന്നദ്ദേഹം കണ്ടെത്തി.അതിനാലദ്ദേഹം ആ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു.ഹിന്ദുത്ത്വത്തിൽ പരിസ്ഥിതിയുടെ ആത്മീയത കണ്ടെത്താൻ അദ്ദേഹത്തിനായി.ഇന്നു ചിലർ കൊട്ടിഘോഷിച്ചുനടക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെതായ ഹിന്ദുമതത്തെയല്ല അദ്ദേഹം സ്വീകരിച്ചത്,മഹത്തായ ഹൈന്ദവദർശനത്തെയായിരുന്നു...അദ്വൈതദർശനത്തെയായിരുന്നു...എല്ലാം ഒന്നാണെന്ന പരമമായ സത്യത്തെയായിരുന്നു...
അദ്ദേഹം പലർക്കും ജോൺസിയായിരുന്നു..കുറേപ്പേർക്ക് ജോൺസിസാറായിരുന്നു...കുറേപ്പേർക്ക് ജോൺസിയങ്കിൾ ആയിരുന്നു...ചിലർക്ക് ജോൺസിചാച്ചനും വല്ല്യച്ചനും മുത്തശ്ശനും അച്ഛനും ഒക്കെയായിരുന്നു...സ്നേഹം എന്ന നൂലിഴയിൽ കൊരുക്കപ്പെട്ട ഒരു വലിയ കുടുംബമാണീ പ്രപഞ്ചമെന്നദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.ഇവിടത്തെ കുഞ്ഞുറുമ്പുമുതൽ മനുഷ്യൻ വരെ എല്ലാവരുമുൾക്കൊള്ളുന്ന ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.അണുകുടുംബങ്ങളിലദ്ദേഹം വിശ്വസിച്ചില്ല.അതിനാലദ്ദേഹം സ്നേഹകുടുംബം ഉണ്ടാക്കാനായി ജീവിതം മുഴുവൻ പ്രയത്നിച്ചു.ഈ യാത്രയിൽ സ്വന്തം ബന്ധുക്കളെ മാത്രമല്ല ,ഭാര്യയെവരെ ഉപേക്ഷിക്കേണ്ടിവന്നു...അദ്ദേഹം എന്നും വ്യവസ്ഥകൾക്കതീതനായിരുന്നു......
തികഞ്ഞ ലാളിത്യമാർന്നതായിരുന്നു ആ ജീവിതം.കോളേജ് പ്രൊഫസറായി വിരമിച്ച ആ മനുഷ്യന് മരിക്കുമ്പോൾ ആകെ ഉണ്ടായിരുന്ന സമ്പാദ്യങ്ങൾ വാടകവീട്ടിലെ ഒരു കൊച്ചുമുറിയിൽ ഒതുങ്ങുന്നതായിരുന്നു.ഒരു ഷെൽഫ് നിറയെ അപൂർവ്വഗ്രന്ഥങ്ങൾ,കമ്പ്യൂട്ടർ,ടി.വി,മൊബൈൽഫോൺ,കുറച്ചു പാത്രങ്ങൾ,ഒരു ജോടി കാവിമുണ്ടും ബനിയനും.....അത്രമാത്രം.....
അദ്ദേഹത്തിനുമുണ്ടായിരുന്നു സ്വന്തം വീടും കുറച്ചേക്കർ സ്ഥലങ്ങളുമൊക്കെ...അതൊക്കെയദ്ദേഹം ഒരു നിസ്വനെപ്പോലെ ഞാൻ പോറ്റിവളർത്തിയ കുട്ടികൾക്കായി വിട്ടുകൊടുത്തു.പലരുമദ്ദേഹത്തെ വല്ലാതെ പിഴിഞ്ഞ് പറ്റിച്ച് ജീവിച്ചു.അദ്ദേഹത്തിൽനിന്ന് എല്ലാം ഊറ്റിയെടുത്തു.എന്നിട്ടും അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു-ഞാൻ കാരണം ആർക്കെങ്കിലും നന്നാവാൻ പറ്റിയെങ്കിൽ നന്നായിക്കോട്ടെ...അതായിരുന്നു ജോൺസി......
മദ്രാസിലെ താംബരത്തുള്ള ക്രിസ്ത്യൻ കോളേജിൽ പഠനം പൂർത്തിയാക്കിയ ജോൺസിയെ പ്രകൃതിയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത് അവിടുത്തെ ജോൺ പി.ജോഷ്വ എന്ന അദ്ധ്യാപകനായിരുന്നു.ദേവഗിരി കോളേജിലും അതിനുശേഷം പയ്യന്നൂർ കോളേജിലും സുവോളജി അദ്ധ്യാപകനായി ജോലി നോക്കി.പയ്യന്നൂർ കോളേജിൽ സുവോളജിക്കൽ ക്ലബ്ബ് എന്ന ഒരു പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയപ്പോൾ അത് കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്ലബ്ബായി മാറി.
സൈലന്റ്വാലി എന്ന അപൂർവ്വവനത്തെ നശിപ്പിക്കാനായി ഒരു പദ്ധതി കൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ ആദ്യമായി സമരരംഗത്തിറങ്ങിയത് ജോൺസിയും കുട്ടികളുമായിരുന്നു.പയ്യന്നൂർ നഗരത്തിലൂടെ അന്ന് അദ്ദേഹം സംഘടിപ്പിച്ച ജാഥയെ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിസമരമായി വിശേഷിപ്പിക്കാം.
ഒത്തുചേരലുകൾ അദ്ദേഹത്തിനു സ്നേഹസംഗമങ്ങളായിരുന്നു...ഓരോ സംഘടനയിൽനിന്നും ഓരോ മാസികയിൽനിന്നും പിരിഞ്ഞുപോയി അദ്ദേഹം പുതിയതുണ്ടാക്കിയപ്പോൾ അത് ആത്മീയാന്വേഷണം മാത്രമായിരുന്നു.പ്രസ്ഥാനങ്ങൾ ദുഷിപ്പിക്കും,കെട്ടുപാടുകളുണ്ടാക്കും എന്ന് അനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു.അതിനാൽ ദുഷിക്കാൻ തുടങ്ങുമ്പോൾ ഒരു നിസ്വനെപ്പോലെ താൻ ഇത്രകാലം ചോരയും നീരും കൊണ്ട് പണിതുയർത്തിയ സ്ഥാപനത്തെ അനുഗാമികൾക്കായി വിട്ടുകൊടുത്തുകൊണ്ട് പുതുവഴികളുണ്ടാക്കി.ഏറ്റവും ഒടുവിൽ എത്തിച്ചേർന്ന പ്രതിഷ്ഠാനം കൂട്ടായ്മയും വിശ്വസാഹോദര്യപ്രസാദം മാസികയും തികച്ചും പൂർണ്ണതയുള്ളതായി അദ്ദേഹം കരുതി.അതിനാൽ ഇവയിൽനിന്നും അദ്ദേഹം ഇറങ്ങിപ്പോക്ക് നടത്തിയില്ല...
ജോൺസി ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടികളെയായിരുന്നു.അവർക്കൊപ്പം എത്രനേരം കഴിയാനും അവരോട് എത്ര മണിക്കൂർ കാര്യങ്ങൾ പറയാനും അദ്ദേഹത്തിനിഷ്ടമായിരുന്നു.തന്റെ അവസാനനാളുകളിൽ എടാട്ടുള്ള വാടകവീട്ടിൽ,വീൽചെയറിൽ ഇരുന്നുകൊണ്ട് ജീവിക്കുമ്പോൾപോലും കുട്ടികളോടദ്ദേഹം നിർത്താതെ പ്രകൃതിപാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നു.
നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ആത്മകഥയാണ് ഹരിതദർശനം.പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും,ഉറങ്ങുന്നവരുടെ താഴ്വര,ഡാനിയേൽ ക്വിന്നിന്റെ ഇഷ്മായേൽ,എന്റെ ഇഷ്മായേൽ എന്നീ കൃതികളുടെ തർജ്ജമകൾ എന്നിവയാണ് പ്രധാന കൃതികൾ.ഇനിയും പുസ്തകരൂപത്തിലാക്കിയാൽ നിരവധി പേർക്ക് ഉപയോഗപ്പെടുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്.കേരള സർക്കാറിന്റെ പ്രഥമ വനമിത്ര പുരസ്കാരം നേടിയവരിൽ ഒരാൾ അദ്ദേഹമാണ്.എങ്കിലും അദ്ദേഹം പുരസ്ക്കാരങ്ങളുടെ പിറകെ നടന്നില്ല.തന്റെ വഴിയിൽ ആരെയും കൂസാതെ നടന്ന ഒരു ഒറ്റയാനായിരുന്നു അദ്ദേഹം.
2008ഒക്ടോബർ11ന് പയ്യാമ്പലത്തെ പൊതുശ്മശാനത്തിലെ ചിതയിൽ ഒരു പിടി ചാര മായി എരിഞ്ഞടങ്ങുംവരെ നടത്തിയ ആത്മീയതീർത്ഥയാത്രയായിരുന്നു ജോൺസിയ്ക്ക് തന്റെ ജീവിതം....അതിനിടയിൽ അദ്ദേഹം പൂർത്തിയാക്കിയ കാര്യങ്ങൾ അതിമഹത്തായതും അത്രയേറെ വിപുലമായവയും ആയിരുന്നു. തനിക്കു സ്മാരകങ്ങൾ നിർമ്മിക്കരുതെന്നും തന്റെ മരണശേഷം ഒരാചാരങ്ങളും അനുസ്മരണങ്ങളും നടത്തരുതെന്നുമൊക്കെ നിർദ്ദേശിച്ച് കടന്നുപോയ ആ മനുഷ്യൻ ഒരത്ഭുതം തന്നെയായിരുന്നു.സ്മാരകങ്ങൾ പണിയരുതെന്നു പറയുമ്പോഴും അദ്ദേഹംതന്നെയുണ്ടാക്കിയ നൂറുനൂറുകാര്യങ്ങൾ എന്നും ജോൺസിയെന്ന് ഉരുവിട്ടുകൊണ്ടെയിരിക്കാനുണ്ട്.അദ്ദേഹം തുടങ്ങിവച്ച സുവൊളജിക്കൽ ക്ലബ്ബ്,സീക്ക്,ജൈവകർഷകപ്രകൃതി, ആൻഖ് സാഹോദര്യം,പ്രതിഷ്ഠാനം,മൈന,സൂചീമുഖി,പ്രകൃതി,ആൻഖ്,പ്രസാദം മുതലായവയും പിന്നെ അദ്ദേഹത്തിന്റെ നൂറുകണക്കിനു ശിഷ്യന്മാരുമൊക്കെ ജോൺസിയുടെ നിത്യസ്മാരകങ്ങളാണ്.പരിസ്ഥിതി എന്ന വാക്ക് നിലനിൽക്കുന്ന കാലത്തോളം ജോൺസി എന്ന നാമവും വിസ്മൃതമാവുകയില്ല...