Tuesday, July 23, 2013

അതിഥി



നിര്‍ത്താതെ മഴപെയ്തുകൊണ്ടിരുന്നപ്പോള്‍ പാമ്പുകള്‍ക്കുപോലും പറമ്പില്‍ നില്‍ക്കാന്‍ വയ്യാതായി .ഐസുപോലെ തണുത്ത ഒരു ദിനത്തില്‍ ,മഴയില്‍നിന്നും അഭയംതേടി ,അല്‍പ്പം ചൂട് കിട്ടാനായി കിണറിന്‍റെ ആള്‍മറയില്‍  ഇട്ട ഷീറ്റിനടിയില്‍ സസുഖം ചുരുണ്ടു കൂടിക്കിടപ്പായിരുന്നു വളകഴപ്പന്‍ . മഴ തോര്‍ന്ന് ,അല്പ്പം വെയില്‍ വന്നപ്പോള്‍, ഷീറ്റ് മാറ്റാന്‍ ചെന്ന എനിക്കു ഇവളുടെ സുഖവാസരംഗമാണ് കാണാനായത് . അവളൊന്നു പേടിച്ചു.ക്യാമറയെടുക്കാനായി പോയി വന്നപ്പോള്‍  മെല്ലെ ഇഴഞ്ഞു കിണറിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതാണ് കണ്ടത് . അവിടെ ഏറെ നേരം ചുരുണ്ടു കിടന്നു , പാവം . സന്ധ്യയ്ക്ക്  വീണ്ടും ആദ്യത്തെ സ്ഥലത്തു തന്നെയെത്തി .ഞാനവളോട് എന്‍റെ ബുദ്ധിമുട്ട് പറഞ്ഞു .അവള്‍ ഇവിടെ താമസിക്കുന്നത് ഞങ്ങള്‍ക്കിഷ്ടംതന്നെയെങ്കിലും വീട്ടിന്നകത്തേക്കേങ്ങാനും വന്നാല്‍  അല്‍പ്പം വിഷമമാകും . ഇന്ന് മുഴുവന്‍  അരവാതില്‍ ചാരിവയ്ക്കേണ്ടിവന്നു . എപ്പോഴും ശ്രദ്ധയോടെ പെരുമാറി ,എന്നു വരില്ലല്ലോ ഞങ്ങള്‍ .അറിയാതെ അവളെ നോവിക്കാന്‍ ഇടയായാല്‍ .. ഉഗ്രവിഷമാണ് അവളുടേത് .. അതിനാല്‍ നിഷ്കളങ്കതയോടെ ,ചെറിയ ഉണ്ടക്കണ്ണൂം മിഴിച്ച് എന്നെ നോക്കിയ അവളോട്,കുറച്ചു ദൂരേയ്ക്ക് പോകാന്‍ പറഞ്ഞു .പിറ്റേന്നു രാവിലെ അവളെ കണ്ടില്ല ..