Tuesday, June 22, 2010

ആന്തരപ്രകൃതി നന്നായാൽ ബാഹ്യപ്രകൃതിയും രക്ഷപ്പെടും..

ഞ്ചഭൂതനിർമ്മിതമായ ഈ ലോകത്തിന്റെ “പ്രകൃതി”പഞ്ചഭൂതങ്ങളുടെ നാനാവിധമായ വ്യതിഹാര സംയോഗങ്ങളാണ്.സസ്യലതാതികളിലും പക്ഷിമൃഗാദികളിലും മനുഷ്യനിലും പഞ്ചഭൂതങ്ങൾ പലതരത്തിൽ സംയോജിക്കപ്പെട്ടിരിക്കുന്നു.ഈ പഞ്ച്ഭൂതങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ അഭാവമോ അപര്യാപ്തതയോ പലവിധ നാശങ്ങൾക്കും ഇടയാക്കും.അനേകായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വലിയൊരു ഉൽക്ക വന്നു പതിച്ച് പൊട്ടിത്തെറിച്ചതിന്റെ ഫലമായി അന്തരീക്ഷമാകെ പൊടിപടലം കൊണ്ടു നിറഞ്ഞുവെന്നും അത് സൂര്യപ്രകാശത്തെ മറച്ചുവെന്നും അങ്ങനെ ഹിമയുഗം സംഭവിച്ചുവെന്നുമാണ് ശാസ്ത്രജ്ഞമതം.ഇക്കാലത്ത് ഭൂമിയിലെ മിക്ക ജീവജാലങ്ങളും നശിച്ചുപോയതായി ശാസ്ത്രജ്ഞന്മാർ പറയുന്നു.പഞ്ചഭൂതങ്ങളിലൊന്നിന്റെ അഭാവമുണ്ടാക്കിയ ആപത്താണിത്.പഞ്ചഭൂതങ്ങളിലൊന്നിന്റെ അപര്യാപ്തത മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും ഇത്തരത്തിൽത്തന്നെയാണ്.

വാ
യുവും പ്രകാശവും വേണ്ടത്ര ശരീരത്തിൽ തട്ടാത്തവിധത്തിൽ ശരീരത്തെയാകെ മൂടിപ്പൊതിഞ്ഞു നടക്കുമ്പോൾ നാം അത് പരിഷ്കാരമായി കരുതുന്നു. ശൈത്യമേഖലാപ്രദേശമായ യൂറോപ്പിൽ അധിവസിക്കുന്നവർ ശരീരത്തിലെ ചൂടുനഷ്ടപ്പെടാതെ കഴിക്കാനായി നീണ്ട കാലുറകളും കൈപ്പത്തിവരെ നീളുന്ന കൈകളുള്ള ഷർട്ടുകളും അതിന്മീതെ കനത്ത കോട്ടും ധരിക്കുന്നു.അവർക്കതൊരാവശ്യമാണ്.പക്ഷെ ഉഷ്ണമേഖലാപ്രദേശമായ കേരളത്തിലുള്ളവർ അതിനെ അനുകരിക്കുമ്പോൾ,അത് ആരോഗ്യത്തിന് ഹാനികരമായി ഭവിക്കുന്നു.ശരീരത്തിൽ കഴിയുന്നത്ര കാറ്റും വെളിച്ചവും ഏൽക്കുന്നതിന് സഹായകമായ വേഷവിധാനങ്ങളാണ് ഉഷ്ണമേഖലാപ്രദേശങ്ങളിലുള്ളവർക്കാവശ്യം.

ഞ്ച്ഭൂതങ്ങളിൽ നാലാമത്തേത് വെള്ളവും അഞ്ചാമത്തേത് ഭൂമിയുമാണ്(ഭൂമി എന്ന് പറഞ്ഞാൽ,ഭൂമിയിൽ ഉണ്ടാകുന്നത് എന്നർത്ഥം;മറ്റൊരുതരത്തിൽ പറഞ്ഞാൽ ഭക്ഷണ പദാർത്ഥങ്ങൾ.)ഇവ രണ്ടും നാം ഉപയോഗപ്പേടുത്തുന്നതിനേക്കാളധികം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.മനുഷ്യശരീരത്തിൽ മുക്കാൽഭാഗത്തിലുമധികവും വെള്ളമാണ്.നമുക്കാവശ്യമായത്ര ജലം നമുക്ക് നമ്മുടെ ഭക്ഷണപദാർത്ഥ്ങ്ങളിൽനിന്നുതന്നെ ലഭിക്കുന്നുണ്ട്.ഇതിന്നപ്പുറം വെള്ളം കുടിക്കേണ്ട കാര്യമേയില്ല*അമിതമായി വെയിൽകോണ്ടാൽ ശരീരത്തിലെ ജലാംശം സീമാതീതമായി ബാഷ്പീകരിക്കും.ആവശ്യത്തിലേറെ ഭക്ഷണം കഴിച്ചാൽ,അത് വയറ്റിൽ കിടന്ന് ജീർണ്ണിക്കുകയും ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും.ഈ അവസരങ്ങളിൽമാത്രമേ ശരീരത്തിന് കൂടുതൽ ജലം ആവശ്യമായി വരൂ;അത് ദാഹമായി പ്രകടമാകുന്നു.

ന്നാൽ നാം ഇന്ന് തീർത്തും അനാവശ്യമായി പലരൂപത്തിലും വെള്ളം അകത്താക്കുന്നു .കാപ്പി ചായ തുടങ്ങിയവ ഒരുവക;ഭക്ഷണത്തിന്റെ കൂടെ മറ്റൊരുവക.അനാവശ്യമായി അകത്തേയ്ക്ക് കടത്തിവിടുന്നവ പുറംതള്ളേണ്ട ഭാരം വൃക്കയ്ക്ക് വന്നുചേരുന്നു.അമിതാധ്വാനത്തിന്ന് നിർബദ്ധമാകുന്ന വൃക്കയ്ക്ക് അതിവേഗം കേട് പറ്റുന്നു.സമീപകാലത്ത് വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.ആന്തരികമായി മാത്രമല്ല ബാഹ്യമായും നാം ജലം ദുരുപയോഗപ്പെടുത്തുന്നു.ദിവസത്തിൽ മൂന്നു പ്രാവശ്യം പച്ചവെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യസംരക്ഷ്ണത്തിനു് അത്യാവശ്യമാണ്.പക്ഷെ നാമിന്ന് കുളിക്കുന്നില്ല.ദേഹത്തിൽ തേക്കുന്ന എണ്ണയും സോപ്പും കഴുകിക്കളയുവാൻ ജലം ഉപയോഗിക്കുക മാത്രമാണ് ഇന്ന് ചെയ്തുവരുന്നത്.തന്മൂലം ജലത്തിൽനിന്നും ‘ജീവൻ’ ഉൾക്കൊള്ളാൻ ശരീരത്തിന് കഴിയാതെ പോകുന്നു.

നാം
ഏറ്റവുമധികം ദുരുപയോഗപ്പെടുത്തുന്ന പഞ്ചഭൂതാംശം ഭൂമി-ഭക്ഷണം- ആണ്.ആരോഗ്യസംരക്ഷണത്തിന്നാവശ്യമായ ഭക്ഷണം കഴിക്കുകയല്ല,നാവിന്റേയും വയറിന്റേയും ആർത്തിക്ക് വിധേയമാവുകയാണ് നാം ചെയ്തുവരുന്നത്.ഭക്ഷണം കൂടുതൽ കൂടുതൽ കൃത്രിമമാകുംതോറും നാട്ടിൽ രോഗങ്ങളും ഡോക്ടർമാരും ആസ്പത്രികളും പെരുകിവരുന്നു.സസ്യങ്ങൾ,പച്ചക്കറികൾ,പഴങ്ങൾ എന്നിവയാണ് മനുഷ്യന്റെ സ്വാഭാവികമായ ഭക്ഷണം.ഇവ ലഭ്യമല്ലാതെ വരുന്ന അവസരങ്ങളിൽ,അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ് ധാന്യങ്ങൾ;മാംസ ഭക്ഷണം മനുഷ്യന് വിധിച്ചിട്ടുള്ളതേയല്ല.എന്നാൽ ഇന്നു നമ്മുടെ മുഖ്യ ഭക്ഷ്യവസ്തു ധാന്യങ്ങളാണ്.പച്ചക്കറികളും മറ്റും ഉപദംശങ്ങളായിത്തീർന്നിരിക്കുന്നു.അതുപോലും ഉപ്പ്,മുളക്,പുളി എന്നിവ ചേർത്ത് നാം അഭക്ഷ്യവസ്തുക്കളാക്കി മാറ്റുന്നു.ഇതിന് പുറമെ കാപ്പി,ചായ തുടങ്ങിയ ഉത്തേജകവസ്തുക്കളും മദ്യം പോലെയുള്ള ലഹരിവസ്തുക്കളും കൂടിയാകുമ്പോൾ നമ്മുടെ ദുരന്തം പൂർത്തിയാകുന്നു.

ഭക്ഷ്യമായ വസ്തുക്കൾ ഭക്ഷിക്കുന്നുവെന്നതുമാത്രമല്ല നമുക്ക് പറ്റുന്ന തെറ്റ്;ശരിയായ ഭക്ഷണമായാലും അത് അമിതമാകാതിരിക്കണം.നാവിന്റേയും വയറിന്റേയും വിളികൾക്ക് നാം അടിമപ്പെടരുത്.ഒരിക്കൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയ പൂർത്തിയാവാൻ നാലു മണിക്കൂർ പിടിക്കും.അതിനുശേഷം അല്പനേരം വയറിന് വിശ്രമമനുവദിക്കണം.അങ്ങിനെ ആറു മണിക്കൂർ ഇടവിട്ടുള്ള ഒരു ഭക്ഷണക്രമമാണ് ആരോഗ്യകരം.ഇതിനിടയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കുന്നതിനു പകരം ജീർണ്ണിക്കും.ഭക്ഷിക്കുമ്പോൾ ഒരിക്കലും “വയർനിറയെ”ഭക്ഷിക്കരുത്.ഭക്ഷണമെപ്പോഴും അരവയറിൽ ഒതുങ്ങണം;എങ്കിലേ ഉദരത്തിന് ശരിക്ക് ദഹനക്രിയ നിർവ്വഹിക്കാൻ കഴിയൂ.അരവയർ ഭക്ഷണത്തിനു്; കാൽഭാഗം ജലത്തിന്ന്;ബാക്കി വായുവിന് എന്നാണ് ഭക്ഷണം സമ്പന്ധിച്ച പഴയ പ്രമാണം.ഒരു നേരം മാത്രം ഭക്ഷിക്കുന്നവൻ യോഗി;രണ്ട്നേരം ഭക്ഷിക്കുന്നവൻ ഭോഗി;മൂന്നു നേരം ഭക്ഷിക്കുന്നവൻ രോഗി എന്നൊരു ഭക്ഷണ പ്രമാണം വേറെയുമുണ്ട്.

ഞ്ചഭൂതങ്ങളെ പരാമർശിച്ചുതുടങ്ങിയ അവസരത്തിൽ ഒന്നാമത്തേതായ ആകാശത്തെ ഞാൻ വിട്ടുകളഞ്ഞിരുന്നു.കാരണമുണ്ട്.അതല്പം ദുർഗ്രഹമാണ്.മറ്റെല്ലാ ഭൂതങ്ങളുടേയും ഉറവിടമായ ആകാശത്തിന്റെ ചൈതന്യം വ്യക്തമാക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ.ആകാശം എന്നൊന്നില്ലായിരുന്നുവെങ്കിൽ,നാം അധിവസിക്കുന്ന ഈ ഭൂമിയും വ്യാഴം,ശനിതുടങ്ങിയ ഗ്രഹങ്ങളെപ്പോലെ നിർജ്ജീവമാകുമായിരുന്നു.സകല ജീവജാലങ്ങളുടേയും ബാഹ്യശരീരത്തെ സംരക്ഷിക്കുന്നതും പോറ്റിവളർത്തുന്നതും ആകാശമാണ്.ലോകത്തിലെ രാസവ്യവസായം ഇന്നത്തെപ്പോലെ മുന്നോട്ട് പോയാൽ,ആകാശത്തിലെ “ഓസോൺ”ക്ഷയിക്കുമെന്നും സകല ജീവജാലങ്ങളും നശിക്കുമെന്നും ശാസ്ത്രജ്ഞന്മാർ ഈയിടെ മുന്നറിയിപ്പ് നൽകിയത് അനുസ്മരിക്കുക.

ബാഹ്യശരീരത്തിന് മാത്രമല്ല,ശരീരത്തിന്റെ അന്തർഭാഗത്തിനും ആകാശം പോഷകമാണ്.ഒരിക്കൽ കഴിച്ച ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ,ഉദരത്തിന് അല്പസമയം വിശ്രമം നൽകണമെന്നു പറയുന്നതിന്റെ അർത്ഥം അതാണ്.ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്ന് പഴയ ആചാരത്തിന്റെ ഉദ്ദേശ്യവും അതുതന്നെയാണ്.ശരീരത്തിനകത്ത് ഒരു ശൂന്യമണ്ഡലം സൃഷ്ടിച്ച് ആകാശത്തിനു പ്രസരിക്കാൻ ഇടമുണ്ടാക്കുക എന്നതാണ് ഉപവാസാദി വ്രതാനുഷ്ഠാനങ്ങളുടെ ഉദ്ദേശ്യം.

ബാഹ്യപ്രകൃതിയെ മലിനമാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്താലുണ്ടാകുന്ന വിപത്തുകളെല്ലാം അവന്റെ ആന്തരപ്രകൃതിയെ മലിനമാക്കിയാലും ദുരുപയോഗപ്പെടുത്തിയാലും വന്നുചേരും...നാം അതിനു രോഗം എന്നു പേരിട്ട് ഡോക്ടറുടെയോ വൈദ്യന്റെയോ അടുത്തേക്ക് ഓടുന്നു.ഡോക്ടർ നമ്മുടെ ശരീരത്തിൽ ഒരു ഇന്ദ്രജാലവും കാണിക്കുന്നില്ല.അദ്ദേഹം പഞ്ചഭൂതങ്ങളുടെ ബാലൻസ് വീണ്ടെടുത്തുതരുമ്പോൾ നാം രോഗമുക്തി നേടുന്നു.

ബാലൻസ് തെറ്റിച്ചതിനുശേഷം വീണ്ടും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നതിനുപകരം നമുക്ക് ആ ബാലൻസ് തെറ്റാതെ സൂക്ഷിക്കാവുന്നതല്ലേ?ബാഹ്യപ്രകൃതിയെക്കുറിച്ച് വ്യക്തികളെന്ന നിലയ്ക്ക് നാം ഏറെക്കുറെ നിസ്സഹായരാണ്.വരൾച്ചയും വെള്ളപ്പൊക്കവുമുണ്ടാകുമ്പോൾ കാടു നശിപ്പിച്ചവരെ നമുക്കു ശപിക്കാനേ കഴിയുള്ളൂ.വായുമലിനീകരണമുണ്ടാ‍കുമ്പോൾ ചുമച്ചുകൊണ്ട് ഓടിനടക്കാനേ നമുക്കിന്ന് സാധിക്കൂ.എന്നാൽ നമുക്ക് നമ്മുടെ ആന്തരപ്രകൃതിയെ സംരക്ഷിക്കാൻ ആരുടെയും അനുമതി ആവശ്യമില്ല.മനുഷ്യരെല്ലാം ആന്തരപ്രകൃതിയെ സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധരായാൽ ബാഹ്യപ്രകൃതിയും സംരക്ഷിക്കപ്പെടും.കാരണം,ആന്തരപ്രകൃതിയെ മലീമസമാക്കുന്നതിനുള്ള -സുഖലോലുപതയ്ക്കുള്ള-നെട്ടോട്ടമാണ് ബാഹ്യപ്രകൃതിയെ അപകടത്തിലാക്കുന്നത്...
ടി.വി.എ.വാര്യർ
ആൻഖ് [1988 മാർച്ച്]

3 comments:

  1. ബാഹ്യപ്രകൃതിയും ആന്തരപ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യമാണ് വർത്തമാനകാലത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം.എന്റെ നിശ്വാസം മരത്തിന്റെ പ്രാണനും മരത്തിന്റെ നിശ്വാസം എന്റെ പ്രാണനുമാകുമ്പോൾ,പരസ്പരാശ്രിതത്വത്തിന്റെ ഉദാത്തമായ നിറവ് നാമനുഭവിക്കുന്നു...ഈ തിരിച്ചറിവ് തന്നെയാണ് യഥാർഥ വികസനവും ആനന്ദവും...

    ReplyDelete
  2. ഏറെ ചിന്തോദ്ദീപകമായ പോസ്റ്റു.ആന്തരപ്രകൃതിയെ വിസ്മരിക്കുന്നതാണ് ഇക്കാലത്തെ ആരോഗ്യപ്രശ്നം
    .ഈ വഴിയില്‍ ചിന്തിക്കാന്‍ ആരാണുള്ളത്?പുതുതലമുറയില്‍ പെട്ടവരെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിക്കാരുന്ടു.കോളേജില്‍
    കുട്ടികള്‍ക്ക് ക്ലാസ്സും പരിസ്ഥിതിസെമിനാരും നടത്താരുന്ടു.കോളേജില്‍ പഠനത്തോടൊപ്പംപ്രകൃ തിപരിചയവും ആവശ്യമാണ്
    fastfood-സംസ്കാരം അപകടമാണ് എന്നു ചിലരെങ്കിലും തിരി്ച്ചരിഞ്ഞിട്ടുന്ടു.

    ReplyDelete
  3. പുതുതലമുറയിൽ മാത്രമാണ് അല്പം പ്രതീക്ഷയ്ക്ക് വകയുള്ളത്,വസന്തലതികാ,അവർക്ക് തിരിച്ചറിവിന്റെ പാഠങ്ങൾ നൽകിയാൽ അല്പമെങ്കിലും മാറ്റം വരുത്താനാകും..വർത്തമാനകാലത്തിന്റെ പ്രകൃതിയെ തിരിച്ചറിയാതെ ജീവിക്കുകയെന്ന ദുരന്തപ്രശ്നത്തിന് അത്രയെളൂപ്പം പരിഹാരമില്ലെങ്കിലും തിരിച്ചറിവ് ലഭിച്ച ഓരോരുത്തർക്കും ശ്രമിച്ചുനോക്കാം..

    ReplyDelete