Saturday, May 1, 2010

ശംഖൊലി..

ആമുഖം
കേരളീയരെ പരിസ്ഥിതി എന്നാലെന്തെന്നു പഠിപ്പിച്ചശേഷം കടന്നുപോയ ജോൺസിയുടെ പുസ്തകങ്ങളായ സൂചീമുഖി,ആൻഖ്,പ്രസാദം തുടങ്ങിയ മാസികകളിൽനിന്നും പ്രസക്തമായ ചില കാര്യങ്ങൾ പുതുവായനക്കാർക്കും പുനർവ്വായനക്കർക്കുംവേണ്ടി എടുത്തുചേർക്കുകയാണിവിടെ...വായിക്കുക...ഉൾക്കൊള്ളുക....ജീവിക്കുക....
ആ പാദങ്ങളിൽ പ്രണമിച്ചുകൊണ്ട്....






കേരളീയരായ നാം വാചകക്കസർത്തിൽ പ്രഗത്ഭരാണ്.എതു വിഷയത്തെപ്പറ്റിയും ഘോരം ഘോരം സംസാരിക്കാൻ നമ്മെപ്പോലെ കഴിവുള്ള മറ്റൊരു കൂട്ടർ ഉണ്ടോ എന്നു സംശയമാണ്.നമ്മുടെ ശാസ്ത്രീയവീക്ഷണവും വിഷയാപഗ്രഥനശേഷിയും കേമമത്രെ.

മുക്കീയിടെയായി വാചകക്കസർത്തിന് പുതിയൊരു വിഷയം കിട്ടിയിരിക്കുന്നു-പരിരക്ഷണം .പ്രസംഗങ്ങൾ,ലേഖനങ്ങൾ,കഥകൾ,കവിതകൾ,നാടകങ്ങൾ...ചിറപൊട്ടിയൊഴുകുകയായി.


വാ
ചകമടി നല്ലതുതന്നെ.ആക്രോശങ്ങളും മോശമില്ല.ഉറങ്ങുന്നവനെ ഉണർത്താൻ അവ ഉപകരിക്കും.മടിയന്മാരെ കർമ്മനിരതരാക്കും.പക്ഷെ,ഉറക്കമുണർന്നവൻ എന്തു ചെയ്യണം?


ൻഖ് അവരെക്കുറിച്ചാണു ചിന്തിക്കുന്നത്.നമുക്കൊന്നിച്ച് എന്തെങ്കിലും ചെയ്തുകൂടെ?പ്രകൃതിയെ സ്നേഹിക്കുന്നവർ,മനുഷ്യന്റെ നിലനിൽ‌പ്പ് ആഗ്രഹിക്കുന്നവർ,സുബോധത്തിന്റെ ഉഷസ്സിൽ കണ്ണുതിരുമ്മി എഴുന്നേൽക്കുന്നവർ കൈകോർത്തുപിടിക്കുമ്പോൾ ഓരോ പ്രദേശത്തും എത്ര ചെറുതായാലും അത്തരക്കാരുടെ ചെറുകൂട്ടങ്ങൾ ഉണ്ടാകണം.


പ്ര
കൃതിവിരുദ്ധ ചിന്താഗതിയും പ്രകൃതിവിരുദ്ധജീവിതശൈലിയുംകൊണ്ട് പ്രകൃതിസ്നേഹികളാകാൻ കഴിയില്ല.അതുകൊണ്ട് കാഴ്ച്ചപ്പാടിലും ജീവിതശൈലിയിലും മാറ്റം അനിവാര്യമാണ്.ജീവിതം ലളിതമാക്കുക,ആവശ്യങ്ങൾ കുറക്കുക,ആവശ്യമില്ലാത്തവ വാങ്ങലും ഉപയോഗിക്കലും സംഭരിക്കലും നിർത്തുക.പ്രകൃതിയിൽനിന്നെടുക്കുന്നതെല്ലാം പ്രകൃതിക്കു തിരികെ നൽകുക.പ്രകൃതിയിൽ ഓരോന്നിനും അതിന്റെ ധർമ്മം നിർവഹിക്കാനുണ്ടെന്നും നാമും പ്രകൃതിയുടെ ഒരു കണ്ണി മാത്രമാണെന്നും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ബോധ്യം വരും.

വിടെയാണ് ഒത്തുചേരലുകളുടെയും കൂട്ടായ ചർച്ചയുടെയും [തലനാരിഴ കീറലല്ല!]പ്രസക്തി.സ്വയം വിമർശനവും പരസ്പര സഹകരണവും ആവശ്യമായിവരും.എല്ലാവരും ഒരേ കുടുംബമാണെന്ന ബോധം ഉളവാകും.രക്തബന്ധങ്ങളെക്കാൾ ഉറപ്പുള്ളത് സ്നേഹബന്ധങ്ങൾക്കാണെന്നും വാങ്ങുന്നതിനെക്കാൾ നല്ലത് കൊടുക്കുന്നതാണെന്നും ജയിക്കുക എന്നതിനോടൊപ്പം തോൽക്കുന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും നാം മനസ്സിലാക്കും.എല്ലാം ഒന്നാണ് എന്ന സത്യം നാം കാണും.ഒരു മഹാസമുദ്രത്തിലെ വലുതും ചെറുതുമായ ഓളങ്ങളാണ് നാം ഓരോരുത്തരുമെന്ന് നാം തിരിച്ചറിയും.നാമും നമ്മുടെ ലോകവും സമ്പൂർണ്ണ പരിവർത്തനത്തിനു പാത്രീഭവിക്കും.ഏറ്റവും ചെറിയ ബാക്ടീരിയത്തെപ്പോലും നമ്മുടെ സഹോദരനായി കാണാൻ കഴിയും.


കാ
ഴ്ചപ്പാട്,വിശ്വാസം,പ്രവൃത്തി ഇവയാണ് പ്രമാണം.എന്തും സ്വജീവിതത്തിൽ ആരംഭിക്കുന്നു.അതിനു തയ്യാറുള്ളവർ ഒത്തൊരുമിക്കുക.താമസിച്ചാൽ വൈകിപ്പോകും...
ജോൺസി [ആൻഖ് 1987 സെപ്റ്റമ്പർ]

1 comment:

  1. എല്ലാ ചരാചരങ്ങളേയും സ്നേഹിക്കുന്ന ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സസ്യഭുക്കായി. പ്രകൃതിയോടുള്ള എന്റെ ആദ്യത്തെ സ്നേഹവായ്പ്..

    ReplyDelete