Friday, March 26, 2010

ജോൺസി പഠിപ്പിക്കുന്നു: പരിസ്ഥിതിയുടെ ആത്മീയത


ജോൺസി എന്ന മനുഷ്യൻ 2008 ഒക്ടോബർ 11നു തന്റെ ഭൌതികശരീരം വെടിഞ്ഞ് പ്രകൃതിയിൽ ലയിച്ചുചേർന്നു....

ആരാണീ ജോൺസി? എന്തായിരുന്നു ആ മനുഷ്യനു ഈ മണ്ണിൽ നിർവഹിക്കാനുണ്ടായിരുന്ന ദൌത്യം?പരിസ്ഥിതി എന്നത് ഏറ്റവുമധികം പോപ്പുലറായ ഒരു വാക്കായിമാറിയ ഇക്കാലത്ത് ഈ വാക്ക് ഉച്ചരിക്കുമ്പോൾ അതിന്റെ കൂടെ ചേർത്തുച്ചരിക്കേണ്ട ഒരു വാക്കാ‍ണ് ജോൺസി...

കോട്ടയത്തെ ഒരു യാഥാസ്ഥിതിക കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോൺ ക്രിസ്റ്റഫർ എന്ന ജോൺസി കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായി മാറി.എല്ലാം പണംകൊണ്ടും ജാതീയത കൊണ്ടും മറ്റും അളക്കുന്ന ഒരു സാമൂഹിക ക്രമത്തിൽ എല്ലാം സ്നേഹംകൊണ്ടളക്കാൻ പഠിപ്പിച്ചുകൊണ്ട്,പൂർണമായും പരിസ്ഥിതി എന്ന മതത്തിൽ ആത്മസമർപ്പണം ചെയ്തുകൊണ്ടു ജീവിച്ചു.പരിസ്ഥിതി എന്നത് കേവലം ഒരാശയമല്ലെന്നും അതൊരു ജീവിതശൈലിയാണെന്നും ജീവിച്ചുകാണിക്കുകയും അനേകരെ ഈ പാതയിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു.

ഇത്രമാത്രം പറഞ്ഞാൽ പോര ജോൺസിയെപ്പറ്റി..ഓരോരുത്തരും ആ മനുഷ്യനെപ്പറ്റി കൂടുതൽ അറിയേണ്ടിയിരിക്കുന്നു...

ക്രിസ്തുമതവിശ്വാസിയായി ജനിച്ച ജോൺസി ക്രിസ്തുമതത്തോടു കലഹിച്ചു,പക്ഷെ ,ക്രിസ്തുവിനെ ആരാധിച്ചു.കാരണം ക്രിസ്തുവിൽ ആത്മീയതയുണ്ടായിരുന്നു...പരിസ്ഥിതിയുണ്ടായിരുന്നു. ക്രിസ്തുമതം ശുദ്ധശൂന്യമായ ഒരു മതമാണെന്നദ്ദേഹം കണ്ടെത്തി.അതിനാലദ്ദേഹം ആ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു.ഹിന്ദുത്ത്വത്തിൽ പരിസ്ഥിതിയുടെ ആത്മീയത കണ്ടെത്താൻ അദ്ദേഹത്തിനായി.ഇന്നു ചിലർ കൊട്ടിഘോഷിച്ചുനടക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെതായ ഹിന്ദുമതത്തെയല്ല അദ്ദേഹം സ്വീകരിച്ചത്,മഹത്തായ ഹൈന്ദവദർശനത്തെയായിരുന്നു...അദ്വൈതദർശനത്തെയായിരുന്നു...എല്ലാം ഒന്നാണെന്ന പരമമായ സത്യത്തെയായിരുന്നു...

അദ്ദേഹം പലർക്കും ജോൺസിയായിരുന്നു..കുറേപ്പേർക്ക് ജോൺസിസാറായിരുന്നു...കുറേപ്പേർക്ക് ജോൺസിയങ്കിൾ ആയിരുന്നു...ചിലർക്ക് ജോൺസിചാച്ചനും വല്ല്യച്ചനും മുത്തശ്ശനും അച്ഛനും ഒക്കെയായിരുന്നു...സ്നേഹം എന്ന നൂലിഴയിൽ കൊരുക്കപ്പെട്ട ഒരു വലിയ കുടുംബമാണീ പ്രപഞ്ചമെന്നദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.ഇവിടത്തെ കുഞ്ഞുറുമ്പുമുതൽ മനുഷ്യൻ വരെ എല്ലാവരുമുൾക്കൊള്ളുന്ന ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.അണുകുടുംബങ്ങളിലദ്ദേഹം വിശ്വസിച്ചില്ല.അതിനാലദ്ദേഹം സ്നേഹകുടുംബം ഉണ്ടാക്കാനായി ജീവിതം മുഴുവൻ പ്രയത്നിച്ചു.ഈ യാത്രയിൽ സ്വന്തം ബന്ധുക്കളെ മാത്രമല്ല ,ഭാര്യയെവരെ ഉപേക്ഷിക്കേണ്ടിവന്നു...അദ്ദേഹം എന്നും വ്യവസ്ഥകൾക്കതീതനായിരുന്നു......

തികഞ്ഞ ലാളിത്യമാർന്നതായിരുന്നു ആ ജീവിതം.കോളേജ് പ്രൊഫസറായി വിരമിച്ച ആ മനുഷ്യന് മരിക്കുമ്പോൾ ആകെ ഉണ്ടായിരുന്ന സമ്പാദ്യങ്ങൾ വാടകവീട്ടിലെ ഒരു കൊച്ചുമുറിയിൽ ഒതുങ്ങുന്നതായിരുന്നു.ഒരു ഷെൽഫ് നിറയെ അപൂർവ്വഗ്രന്ഥങ്ങൾ,കമ്പ്യൂട്ടർ,ടി.വി,മൊബൈൽഫോൺ,കുറച്ചു പാത്രങ്ങൾ,ഒരു ജോടി കാവിമുണ്ടും ബനിയനും.....അത്രമാത്രം.....

അദ്ദേഹത്തിനുമുണ്ടായിരുന്നു സ്വന്തം വീടും കുറച്ചേക്കർ സ്ഥലങ്ങളുമൊക്കെ...അതൊക്കെയദ്ദേഹം ഒരു നിസ്വനെപ്പോലെ ഞാൻ പോറ്റിവളർത്തിയ കുട്ടികൾക്കായി വിട്ടുകൊടുത്തു.പലരുമദ്ദേഹത്തെ വല്ലാതെ പിഴിഞ്ഞ് പറ്റിച്ച് ജീവിച്ചു.അദ്ദേഹത്തിൽനിന്ന് എല്ലാം ഊറ്റിയെടുത്തു.എന്നിട്ടും അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു-ഞാൻ കാരണം ആർക്കെങ്കിലും നന്നാവാൻ പറ്റിയെങ്കിൽ നന്നായിക്കോട്ടെ...അതായിരുന്നു ജോൺസി......

മദ്രാസിലെ താംബരത്തുള്ള ക്രിസ്ത്യൻ കോളേജിൽ പഠനം പൂർത്തിയാക്കിയ ജോൺസിയെ പ്രകൃതിയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത് അവിടുത്തെ ജോൺ പി.ജോഷ്വ എന്ന അദ്ധ്യാപകനായിരുന്നു.ദേവഗിരി കോളേജിലും അതിനുശേഷം പയ്യന്നൂർ കോളേജിലും സുവോളജി അദ്ധ്യാപകനായി ജോലി നോക്കി.പയ്യന്നൂർ കോളേജിൽ സുവോളജിക്കൽ ക്ലബ്ബ് എന്ന ഒരു പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയപ്പോൾ അത് കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്ലബ്ബായി മാറി.

സൈലന്റ്വാലി എന്ന അപൂർവ്വവനത്തെ നശിപ്പിക്കാനായി ഒരു പദ്ധതി കൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ ആദ്യമായി സമരരംഗത്തിറങ്ങിയത് ജോൺസിയും കുട്ടികളുമായിരുന്നു.പയ്യന്നൂർ നഗരത്തിലൂടെ അന്ന് അദ്ദേഹം സംഘടിപ്പിച്ച ജാഥയെ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിസമരമായി വിശേഷിപ്പിക്കാം.

ഒത്തുചേരലുകൾ അദ്ദേഹത്തിനു സ്നേഹസംഗമങ്ങളായിരുന്നു...ഓരോ സംഘടനയിൽനിന്നും ഓരോ മാസികയിൽനിന്നും പിരിഞ്ഞുപോയി അദ്ദേഹം പുതിയതുണ്ടാക്കിയപ്പോൾ അത് ആത്മീയാന്വേഷണം മാത്രമായിരുന്നു.പ്രസ്ഥാനങ്ങൾ ദുഷിപ്പിക്കും,കെട്ടുപാടുകളുണ്ടാക്കും എന്ന് അനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു.അതിനാൽ ദുഷിക്കാൻ തുടങ്ങുമ്പോൾ ഒരു നിസ്വനെപ്പോലെ താൻ ഇത്രകാലം ചോരയും നീരും കൊണ്ട് പണിതുയർത്തിയ സ്ഥാപനത്തെ അനുഗാമികൾക്കായി വിട്ടുകൊടുത്തുകൊണ്ട് പുതുവഴികളുണ്ടാക്കി.ഏറ്റവും ഒടുവിൽ എത്തിച്ചേർന്ന പ്രതിഷ്ഠാനം കൂട്ടായ്മയും വിശ്വസാഹോദര്യപ്രസാദം മാസികയും തികച്ചും പൂർണ്ണതയുള്ളതായി അദ്ദേഹം കരുതി.അതിനാൽ ഇവയിൽനിന്നും അദ്ദേഹം ഇറങ്ങിപ്പോക്ക് നടത്തിയില്ല...

ജോൺസി ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടികളെയായിരുന്നു.അവർക്കൊപ്പം എത്രനേരം കഴിയാനും അവരോട് എത്ര മണിക്കൂർ കാര്യങ്ങൾ പറയാനും അദ്ദേഹത്തിനിഷ്ടമായിരുന്നു.തന്റെ അവസാനനാളുകളിൽ എടാട്ടുള്ള വാടകവീട്ടിൽ,വീൽചെയറിൽ ഇരുന്നുകൊണ്ട് ജീവിക്കുമ്പോൾപോലും കുട്ടികളോടദ്ദേഹം നിർത്താതെ പ്രകൃതിപാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നു.
നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ആത്മകഥയാണ് ഹരിതദർശനം.പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും,ഉറങ്ങുന്നവരുടെ താഴ്വര,ഡാനിയേൽ ക്വിന്നിന്റെ ഇഷ്മായേൽ,എന്റെ ഇഷ്മായേൽ എന്നീ കൃതികളുടെ തർജ്ജമകൾ എന്നിവയാണ് പ്രധാന കൃതികൾ.ഇനിയും പുസ്തകരൂപത്തിലാക്കിയാൽ നിരവധി പേർക്ക് ഉപയോഗപ്പെടുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്.കേരള സർക്കാറിന്റെ പ്രഥമ വനമിത്ര പുരസ്കാരം നേടിയവരിൽ ഒരാൾ അദ്ദേഹമാണ്.എങ്കിലും അദ്ദേഹം പുരസ്ക്കാരങ്ങളുടെ പിറകെ നടന്നില്ല.തന്റെ വഴിയിൽ ആരെയും കൂസാതെ നടന്ന ഒരു ഒറ്റയാനായിരുന്നു അദ്ദേഹം.

2008ഒക്ടോബർ11ന് പയ്യാമ്പലത്തെ പൊതുശ്മശാനത്തിലെ ചിതയിൽ ഒരു പിടി ചാര മായി എരിഞ്ഞടങ്ങുംവരെ നടത്തിയ ആത്മീയതീർത്ഥയാത്രയായിരുന്നു ജോൺസിയ്ക്ക് തന്റെ ജീവിതം....അതിനിടയിൽ അദ്ദേഹം പൂർത്തിയാക്കിയ കാര്യങ്ങൾ അതിമഹത്തായതും അത്രയേറെ വിപുലമായവയും ആയിരുന്നു. തനിക്കു സ്മാരകങ്ങൾ നിർമ്മിക്കരുതെന്നും തന്റെ മരണശേഷം ഒരാചാരങ്ങളും അനുസ്മരണങ്ങളും നടത്തരുതെന്നുമൊക്കെ നിർദ്ദേശിച്ച് കടന്നുപോയ ആ മനുഷ്യൻ ഒരത്ഭുതം തന്നെയായിരുന്നു.സ്മാരകങ്ങൾ പണിയരുതെന്നു പറയുമ്പോഴും അദ്ദേഹംതന്നെയുണ്ടാക്കിയ നൂറുനൂറുകാര്യങ്ങൾ എന്നും ജോൺസിയെന്ന് ഉരുവിട്ടുകൊണ്ടെയിരിക്കാനുണ്ട്.അദ്ദേഹം തുടങ്ങിവച്ച സുവൊളജിക്കൽ ക്ലബ്ബ്,സീക്ക്,ജൈവകർഷകപ്രകൃതി, ആൻഖ് സാഹോദര്യം,പ്രതിഷ്ഠാനം,മൈന,സൂചീമുഖി,പ്രകൃതി,ആൻഖ്,പ്രസാദം മുതലായവയും പിന്നെ അദ്ദേഹത്തിന്റെ നൂറുകണക്കിനു ശിഷ്യന്മാരുമൊക്കെ ജോ‍ൺസിയുടെ നിത്യസ്മാരകങ്ങളാണ്.പരിസ്ഥിതി എന്ന വാക്ക് നിലനിൽക്കുന്ന കാലത്തോളം ജോൺസി എന്ന നാമവും വിസ്മൃതമാവുകയില്ല...

3 comments:

  1. അദ്ദേഹം ചെയ്തതിന്റെ പിന്തുടര്‍ച്ച നമ്മളില്‍ നിന്നുണ്ടാവേണ്ടിയിരിക്കുന്നു.

    ReplyDelete
  2. ജോൺസിയെ പോലുള്ളവരാണ്‌ നമ്മുടെ തലമുറയേയും ഇനി വരും തലമുറകളേയും നിലനിര്‍ത്താന്‍ സഹായിക്കുന്നത്. പക്ഷേ ലോകം അവരെ തിരിച്ചറിയുന്നില്ല. അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ് എഴുതാന്‍ തോന്നിയത്‌ നന്നായി. അഭിനന്ദങ്ങള്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ എന്റെ പ്രണാമം....

    ReplyDelete
  3. ജോൺസിയെ എല്ലാവരും അറിയേണ്ടതാണ്. കഴിയുന്നത്ര പേരിൽ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എത്തിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം...അദ്ദേഹത്തിന്റെ വാക്കുകൾ ഉൾക്കൊണ്ട് ജീവിക്കാൻ കഴിയുമെങ്കിൽ മനുഷ്യൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകും .പക്ഷെ എത്ര പേർക്കതിനാകും...വായിക്കാൻ പോലും അധികമാളുകൾക്കും ഇക്കാലത്ത് താത്പര്യമില്ലാത്ത കാര്യങ്ങളാണല്ലോ ജീവന്റെ പക്ഷത്തുചേർന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ.വായിച്ചാലും അതിനെപ്പറ്റി എത്ര പേർ ഗൌരവമായി ചിന്തിക്കാൻ തയ്യാറാകും?അതാണീ കാലഘട്ടത്തിന്റെ ദുരന്തവും....അതിനുള്ള മനസ്സുള്ള വായാടിയെ പരിചയപ്പെട്ടതിൽ സന്തോഷം.. സ്നേഹം...

    ReplyDelete